റോഡിൽ അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി
text_fieldsമോട്ടോർ ബൈക്കിലെ അഭ്യാസത്തിന്റെയും പിടിച്ചെടുത്ത വാഹനം നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ
ദോഹ: പ്രധാന പാതയിൽ അഭ്യാസപ്രകടനം നടത്തി ഓടിച്ച ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
തിരക്കേറിയ പാതയിലൂടെ ഓടുന്ന ബൈക്കിനു മുകളിൽ നിന്നുകൊണ്ട് അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പിന്നീട് പിടിച്ചെടുത്ത വണ്ടി, യന്ത്രം ഉപയോഗിച്ച് പൊടിച്ച് നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസത്തിൽ കുറയാത്തതും മൂന്നു വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷയും 10,000 റിയാലിൽ കുറയാത്തതും 50,000 റിയാലിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നേരത്തേ, നിയമലംഘനം നടത്തി അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്ത കാറും സമാനമായിതന്നെ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

