വൻകരകളിലെ ക്ലബ്: രാജാക്കന്മാർ ആര്? ഇന്നറിയാം
text_fieldsദോഹ: ലോകത്തിലെ വിവിധ വൻകരകളിലെ ക്ലബ് ഫുട്ബാൾ രാജാക്കന്മാർ ആരായിരിക്കും. കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ അകലം മാത്രം. വ്യാഴാഴ്ച രാത്രി ഒമ്പതിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽനടക്കുന്ന ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിെൻറ കലാശപ്പോരിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കും വടക്കേ അമേരിക്കൻ ചാമ്പ്യൻ ക്ലബായ ടൈഗേഴ്സ് യു.എ.എൻ.എല്ലും ഏറ്റുമുട്ടും.
കോവിഡ് പ്രതിരോധനടപടികൾ കർശനമാണ് സ്റ്റേഡിയത്തിനകത്തും പുറത്തും. കാണികൾ ഒരു മണിക്കൂർ മുെമ്പങ്കിലും സ്റ്റേഡിയത്തിൽ എത്തണം. ദോഹ മെട്രോയുടെ ഗ്രീൻ ലൈനിലൂടെ എജുക്കേഷൻ സിറ്റി സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഡിയത്തിലേക്ക് നടന്നെത്താം. രണ്ടാം സെമിയിൽ ഈജിപ്ഷ്യൻ ക്ലബായ അൽഅഹ്ലിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്താണ് ബയേൺ ഫൈനലിൽ കടന്നത്.
ആദ്യസെമിയിൽ പാൽമിറാസിനെ ഒരുഗോളിന് തോൽപിച്ചാണ് ടൈഗേഴ്സ് ഫൈനലിൽ എത്തിയത്. ബയേൺ ആരാധകർക്ക് തങ്ങളുടെ പ്രിയ ടീമിെൻറ കളി നേരിൽ കാണാനുള്ള അസുലഭ അവസരവുമാണ് കൈവന്നിരിക്കുന്നത്. 30 ശതമാനം കാണികൾക്ക് മാത്രമാണ് പ്രവേശനം. 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് ബാധകമല്ല.
2020ൽ നടക്കേണ്ടിയിരുന്ന ടൂർണമെൻറ് കോവിഡ് പ്രതിസന്ധിമൂലമാണ് വൈകിയത്. അൽ ദുഹൈൽ എസ്.സി (ആതിഥേയർ), അൽ അഹ്ലി എസ്.സി (ആഫ്രിക്ക), എഫ്.സി ബയേൺ മ്യൂണിക് (യൂറോപ്), ഉൽസൻ ഹ്യൂണ്ടായ് എഫ്.സി (ഏഷ്യ), ടൈഗേഴ്സ് യു.എ.എൻ.എ (വടക്കേ അമേരിക്ക), പാൽമിറാസ് (ലാറ്റിൻ അമേരിക്ക) എന്നിവരാണ് ഇത്തവണ ക്ലബ് ലോകകപ്പിനെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.