ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യ വിളംബരവുമായി ഭാരത് ഉത്സവ്
text_fieldsഇന്ത്യൻ അംബാസഡർ വിപുൽ, കൗൺസിലർ ഡോ. വൈഭവ് എ. തണ്ടാലെ, ഐ.സി..സി
ഭാരവാഹികൾ എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളംബരം ചെയ്യുന്ന ഭാരത് ഉത്സവ് -ഇന്ത്യ ഫെസ്റ്റിവൽ ആഘോഷ പരിപാടി പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്ന ഭാരത് ഉത്സവ് ഫെസ്റ്റിവൽ, ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ജനുവരി 22, 23 തീയതികളിൽ അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് നാലു മുതൽ 11 വരെ ആഘോഷ പരിപാടികൾ നടക്കും. പിന്നണി ഗായകൻ ശ്രീനിവാസും സംഘവും നയിക്കുന്ന ലൈവ് സംഗീത നിശ ആഘോഷത്തിന്റെ ആകർഷകമാകും. വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയുള്ള പ്രകടനം പ്രേക്ഷകർക്ക് നവ്യാനുഭവമാകും.
ഭാരത് ഉത്സവിന്റെ ആദ്യ ദിവസം ഐ.സി.സി സ്റ്റാർ സിങ്ങർ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും നടക്കും. ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സംഗീത പ്രതിഭകളെ കണ്ടെത്താനായി ആരംഭിച്ച മത്സരത്തിന്റെ ഫൈനലാണിത്. ഗായകൻ ശ്രീനിവാസൻ ദൊരൈസ്വാമി ഉൾപ്പെടുന്നവരാണ് വിധികർത്താക്കൾ.
ലൈവ് ഓർക്കസ്ട്ര, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, ഐ.സി.സിയിൽ അഫിലിയേറ്റ് സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങൾ എന്നിവയും അരങ്ങേറും.
തിരുവാതിര, തമിഴ്നാട്ടിലെ ആട്ടം, തെലുങ്ക് നൃത്തരൂപങ്ങൾ, ഗുജറാത്തിലെ ഗർബ (ദണ്ഡിയ) എന്നിവ കോർത്തിണക്കിയുള്ള സവിശേഷമായ ഫ്യൂഷൻ ഡാൻസും വേദിയിൽ എത്തും. കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളും നാടൻ കലാരൂപങ്ങളും സംഗീതവും ഉൾപ്പെടുത്തിയുള്ള വർണാഭമായ ഘോഷയാത്രയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പൈതൃകം പ്രദർശിപ്പിക്കുന്ന സാംസ്കാരിക പവലിയനുകളും, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമൂഹിക സേവന പദ്ധതികളെ പരിചയപ്പെടുത്തുന്ന പ്രത്യേക പവലിയനും ഒരുക്കും. ഇന്ത്യൻ കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ സ്റ്റാളുകളും വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ടും മേളയുടെ ഭാഗമായി ഒരുക്കും.
ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ് ഫെസ്റ്റിവലെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്നതാകും മേളയെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ, കൗൺസിലർ ഡോ. വൈഭവ് എ. തണ്ടാലെ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ വി.എസ്. മണ്ണംഗി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

