ആദരവുകൾക്കപ്പുറം സാമൂഹിക- വ്യക്തിജീവിതത്തിലെ വിജയമാണ് പ്രധാനം -ജെ.കെ. മേനോൻ
text_fieldsതൃശൂർ ചേംബർ ഒാഫ് കോമേഴ്സിന്റെ മികച്ച എൻ.ആർ.ഐ ബിസിനസ് മാൻ അവാർഡ് ജെ.കെ. മേനോൻ ഏറ്റുവാങ്ങുന്നു
ദോഹ: വന്നുചേരുന്ന ആദരവുകൾക്ക് അപ്പുറം സാമൂഹ്യ- വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലുള്ള വിജയമാണ് പ്രധാനമെന്ന് എ.ബി.എൻ കോർപറേഷൻ ചെയർമാൻ ജെ.കെ. മേനോൻ. ചേംബർ ഒഫ് കോമേഴ്സിന്റെ മികച്ച എൻ.ആർ.ഐ ബിസിനസ് മാൻ അവാർഡ്, ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലൂക്കാസിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. ബിസിനസുകാരന് സാമൂഹികപ്രതിബദ്ധത ഏറെ അനിവാര്യമാണ്. മികച്ച സംരംഭകരെല്ലാം മനുഷ്യത്വപരമായി ചിന്തിക്കുന്നവരുമാണ്. അവർ നമുക്ക് മാതൃകയായി മാറിയത് അങ്ങനെയാണ്. വലിയ പാഠങ്ങൾ അവരിൽ നിന്ന് പഠിക്കാനുണ്ട്. അടുത്ത ജന്മത്തിലും തന്റെ മാതാപിതാക്കളുടെ മകനായി ജനിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനമാണ് ബിസിനസിനെ വിജയത്തിലെത്തിക്കുന്നതെന്ന് ജോയ് ആലൂക്കാസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. കല്യാൺ സിൽക്ക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ മുഖ്യാതിഥിയായി. ജോസ് കവലക്കാട് (എന്റർപ്രണർ അവാർഡ്), പെരുവനം കുട്ടൻ മാരാർ (സാംസ്കാരികം), ഗീത സലീഷ് (വുമൺ എന്റർപ്രണർ), ഡെന്നീസ് ചാക്കോള (യങ് എന്റർപ്രണർ), ജോയ് മൂത്തേടൻ (ഓർഗനൈസർ അവാർഡ്), ഹാഷ്മി താജ് ഇബ്രാഹിം (മീഡിയ), ഡോ. സി.പി. കരുണാദാസ് (മെഡിക്കൽ), സി. ആലീസ് പഴയവീട്ടിൽ (സാമൂഹിക സേവനം), കെ.സി. ബൈജു (പൊലീസ്), സുഫ്ന ജാസ്മിൻ (സ്പോർട്സ്), സിജോ ജോർജ് (കാർഷിക രംഗം), സി.എസ്. സിന്റ (ആരോഗ്യ മേഖല) എന്നിവർ മറ്റ് അവാർഡുകൾ ഏറ്റുവാങ്ങി. ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില അധ്യക്ഷത വഹിച്ചു. ചേംബർ ഒഫ് കോമേഴ്സിന്റെ ആപ്പും പ്രിവിലേജ് കാർഡും ജോയ് ആലൂക്കാസ് പ്രകാശനം ചെയ്തു. സെക്രട്ടറി സോളി തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. ഫ്രാൻസിസ്, ട്രഷറർ ഷൈൻ തറയിൽ, ജോ. സെക്രട്ടറിമാരായ സിജോ ചിറക്കേക്കാരൻ, ടോജോ മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

