ലുലു ഹൈപ്പർമാർക്കറ്റിൽ "ബെസ്റ്റ് ഓഫ് ഇന്ത്യ മാംഗോ' ഫെസ്റ്റിവലിന് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റ് 'മാംഗോ മാനിയ 2026 - ബെസ്റ്റ് ഓഫ് ഇന്ത്യ മാംഗോ ഫെസ്റ്റിവൽ' ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രവാസി മലയാളികൾക്കും മറ്റ് ഉപഭോക്താക്കൾക്കും മാമ്പഴക്കാലത്തിന്റെ മധുരം സമ്മാനിച്ചുകൊണ്ട് ലുലു ഹൈപ്പർമാർക്കറ്റ് 'മാംഗോ മാനിയ 2026 - ബെസ്റ്റ് ഓഫ് ഇന്ത്യ മാംഗോ ഫെസ്റ്റിവൽ' ആരംഭിച്ചു. ദോഹയിലെ ഇന്ത്യൻ എംബസി, അപെഡ (അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി) എന്നിവയുമായി സഹകരിച്ചാണ് മാംഗോ ഫെസ്റ്റ് ആരംഭിച്ചത്.
ലുലു അൽ ഗറാഫ ബ്രാഞ്ചിൽ നടന്ന പരിപാടി ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. അപെഡ റീജിയണൽ ഹെഡ് സന്ദീപ് സാഹ, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടറും സി.എസ്.ഒയുമായ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മാധ്യമപ്രവർത്തകർ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ സാന്നിഹിതരായിരുന്നു.
ഇന്ത്യയുടെ സമ്പന്നമായ കാർഷിക പാരമ്പര്യവും മാമ്പഴങ്ങളുടെ വൈവിധ്യവും വിളിച്ചോതുന്നതാണ് ഈ വർഷത്തെ മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നേരിട്ട് എത്തിച്ച നാൽപതിലധികം മാമ്പഴ ഇനങ്ങളാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട അൽഫോൻസോ, കേസർ, ബദാമി, മല്ലിക എന്നിവക്ക് പുറമെ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മാമ്പഴയിനങ്ങളിൽ ഒന്നായ 'മിയാസാക്കി'യും ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണമാണ്.
വർഷങ്ങളായി ലുലു നടത്തിവരുന്ന മാംഗോ ഫെസ്റ്റിവൽ ഇന്ന് ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും ജനപ്രിയമായ മേളയായി മാറിയിരിക്കുന്നുവെന്ന് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ആഗോളതലത്തിൽ ലോജിസ്റ്റിക്സ് രംഗത്ത് വെല്ലുവിളികൾ നേരിടുന്ന സമയത്തും, മികച്ചയിനം മാമ്പഴങ്ങൾ ഖത്തറിലെത്തിക്കാൻ ലുലു എടുത്ത ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
ഇത്തരം സംരംഭങ്ങളിലൂടെ ഇന്ത്യൻ കയറ്റുമതിക്കാരെ തുടർച്ചയായി പിന്തുണക്കുന്നതിനും, ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ലുലു ടീമിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിലെ തങ്ങളുടെ പരമ്പരയുടെ ഭാഗമായി ഖത്തറിൽ ഈ പരിപാടി ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അപെഡ പ്രതിനിധി സന്ദീപ് സാഹ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

