ഇന്ത്യക്കാർക്ക് നേട്ടമാകും : ഉൽപാദന, നിർമാണമേഖലയിൽ ലക്ഷം തൊഴിലവസരം
text_fieldsദോഹ: ഖത്തറിൽ 2025ഓടെ ഉൽപാദന, നിർമാണ മേഖലയിൽ ലക്ഷം പേർക്ക് തൊഴിലവസരം ഉണ്ടാകും. സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറയും ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാർ പദ്ധതിയുടെയും ഫലമായാണിത്. ഇതിെൻറയൊക്കെ ഫലമായി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിർമാണ മേഖലയിൽ ലക്ഷത്തിലധികം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2025ഓടെ 101000 പേർക്ക് നിർമാണ മേഖലയിൽ തൊഴിൽ ലഭിക്കുമെന്ന് കെ.പി.എം.ജി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
85000 മുതൽ 101000 വരെയുള്ളവർക്ക് തൊഴിലവസരം നൽകാൻ നിർമാണമേഖലക്കാകും. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ നിർമാണ മേഖലയിലെ ഉൽപാദക മൂല്യം 30 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈേഡ്രാകാർബൺ ഇതര മേഖലയിലേക്ക് സാമ്പത്തിക േസ്രാതസ്സിനെ മാറ്റുന്നതും ചെറുകിട, ഇടത്തരം മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതും ഇതിന് ആക്കം കൂട്ടും. ഇക്കാലയളവിൽ പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 1.2 ശതമാനം വർധനയുണ്ടാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 'ഖത്തറിെൻറ ഇൻഡസ്ട്രിയൽ ലാൻഡ്സ്കേപ് 2.0: മാറ്റത്തോട് പെട്ടെന്ന് തിരിച്ചുവരാൻ കഴിയലും കരുത്തും' എന്ന പേരിലാണ് കെ.പി.എം.ജി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഖത്തർ സർക്കാർ ദേശീയ ഉൽപാദക നയം 2018-2022 തയാറാക്കി മുന്നേറുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഉൽപാദക യൂനിറ്റുകളും വ്യവസായ യൂനിറ്റുകളുമാണ് രാജ്യത്ത് വന്നിരിക്കുന്നത്.
കോവിഡ് തീർത്ത പ്രതിസന്ധികളിൽനിന്ന് രാജ്യത്തിെൻറ നിർമാണമേഖല പതിയെ കരകയറുകയാണ്. 2020ലുടനീളം നിർമാണമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നെങ്കിലും ഈ വർഷത്തിൽ കെട്ടിടനിർമാണ മേഖലയിൽ വലിയ പുരോഗതിയാണ് ഉള്ളത്.
കഴിഞ്ഞ വർഷത്തെ അവസാന പാദത്തോടെയാണ് ഖത്തറിലെ നിർമാണ മേഖല തിരിച്ചുവരാൻ തുടങ്ങിയത്. ഡിസംബറിൽ മാത്രം 972 പുതിയ കെട്ടിനാനുമതികളാണ് നൽകിയത്. 2020ലെ ഉയർന്ന കണക്കുകളാണിത്.
2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളടങ്ങിയ അവസാന പാദത്തിലായിരുന്നു കൂടുതൽ കെട്ടിടനിർമാണ അനുമതികൾ അനുവദിച്ചുനൽകിയത്. കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ ആകെ 2465 കെട്ടിട അനുമതികളാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നൽകിയത്. കഴിഞ്ഞ വർഷം ആകെ നൽകിയ കെട്ടിട നിർമാണ അനുമതികളുടെ എണ്ണം 7805 ആയിരുന്നു. പല കമ്പനികളും പുതിയ നിർമാണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഖത്തറിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ ഈയടുത്ത് ഗണ്യമായ വർധനയാണുണ്ടായിരിക്കുന്നത്. 2018 അവസാന പാദത്തിൽ 2093360 തൊഴിലാളികളായിരുന്നു ഖത്തറിലുണ്ടായിരുന്നത്. 2020 ആദ്യപാദത്തിൽ തൊഴിലാളികളുടെ എണ്ണം 2150694 ആയി വർധിച്ചു. ഇതിൽ 85.3 ശതമാനം പുരുഷന്മാരും 14.7 ശതമാനം സ്ത്രീകളും ഉൾപ്പെടും. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അേതാറിറ്റി നടത്തിയ ലേബർ ഫോഴ്സ് സാമ്പിൾ സർവേയിലാണ് തൊഴിലാളികളുടെ എണ്ണം പുറത്തുവിട്ടത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നിർദേശപ്രകാരമാണ് അതോറിറ്റി സർവേ സംഘടിപ്പിച്ചത്.
സർവേ പ്രകാരം 25 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരാണ് എണ്ണത്തിൽ കൂടുതൽ. ആകെയുള്ളതിെൻറ 94.5 ശതമാനവും ഈ പ്രായഗണത്തിൽ പെടുന്നവരാണ്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യക്കാരാണ് തൊഴിലാളികളിൽ കൂടുതലും. ഇവരിൽ കൂടുതലും നിർമാണമേഖലയിലാണ് തൊഴിൽ എടുക്കുന്നത്. ഖത്തറിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ തുറക്കപ്പെടുന്നത് ഇന്ത്യക്കാർക്കും ഏറെ ഗുണം ചെയ്യും. ലോകകപ്പ് സ്റ്റേഡിയങ്ങളുെട നിർമാണമേഖലയിലടക്കം നിരവധി ഇന്ത്യൻ കമ്പനികളും ഇന്ത്യക്കാരുമാണ് രംഗത്തുള്ളത്.
ഇലക്ട്രിക് വാഹന നിർമാണമേഖലയിലും അവസരം
ഉൽപാദകമേഖലയിൽ അടുത്തിടെ നല്ല മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് ബസുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള ലുസൈലിലെ ബസ് ഡിപ്പോയുടെ നിർമാണം പുരോഗമിക്കുകയാണ്. 2022 ആദ്യപാദത്തിൽ പൂർത്തിയാകും. അൽറയ്യാൻ, അൽ വക്റ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി നാല് ഡിപ്പോകൾ സ്ഥാപിക്കുന്നത്. ഇവിടങ്ങളിൽ രാജ്യത്തിന് അനുയോജ്യമായ ബസുകളുടെ നിർമാണവും അറ്റകുറ്റപ്പണികളുമാണ് നടക്കുക. 474 ബസ് പാര്‍ക്കിങ് ഉള്‍പ്പെടുന്ന ലുസൈലില്‍ ബസ് പാര്‍ക്കിങ് സ്ഥലങ്ങളും സോളാര്‍ പാനല്‍ മേലാപ്പുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2021 നാലാം പാദത്തിലാണ് പൂര്‍ത്തിയാകുക. ഖത്തറിൽ ആദ്യ ഇലക്ട്രിക് വാഹനം റാസ് ബുഫൊണ്ടാസ് ഫ്രീസോണിലാണ് നിർമിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനും കാർബൺ പുറന്തള്ളൽ കുറഞ്ഞ വാഹനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായും നിരവധി തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും ആവശ്യം വർധിച്ചു
നിർമാണ തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും ആവശ്യം വർധിച്ചുവരുകയാണ്. റിയൽ എസ്റ്റേറ്റ് വിപണിയും കരുത്താർജിക്കുകയാണ്. ഈ വർഷം 8200 താമസ യൂനിറ്റുകൾ വിൽപനക്കായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ പറയുന്നു. ലുസൈൽ, വെസ്റ്റ്ബേ, പേൾ ഖത്തർ മേഖലകളിലാണ് കൂടുതൽ താമസ യൂനിറ്റുകളും വരുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചത്ര ഇടിവ് സംഭവിച്ചിട്ടില്ല. ദി പ്ലാസ ദോഹ, കതാറ ടവേഴ്സ്, വാൽഡോർഫ് അസ്റ്റോറിയ, സുലൽ വെൽനസ് റിസോർട്ട്, സൽവ ബീച്ച് റിസോർട്ട്, ജൗരി മുർവാബ് ഹോട്ടൽ, സ്റ്റെയിഗൻബർഗ് ഹോട്ടൽ, ബൻയൻ ട്രീ ദോഹ, ജെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടൽ തുടങ്ങിയവയാണ് വരാനിരിക്കുന്ന പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി േപ്രാജക്ടുകൾ. കൂടാതെ വിവിധ മാളുകളും ഈ വർഷം അവസാനത്തോടെയായിട്ടും അടുത്ത വർഷമാദ്യത്തിലും തുറക്കാനിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.