സാമൂഹിക ദൗത്യം നിറവേറ്റി വിശ്വാസികൾ ഫാഷിസത്തെ അതിജീവിക്കണം -ഡോ. നഹാസ് മാള
text_fieldsസി.ഐ.സി ഖത്തർ ടോക്ക് സീരീസിൽ ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗം ഡോ. നഹാസ് മാള
സംസാരിക്കുന്നു, പരിപാടിയിലെ സദസ്സ്
ദോഹ: വെറുപ്പും വിദ്വേഷവും വ്യാപകമായി പ്രചരിക്കുന്ന സമകാലിക സാഹചര്യത്തിൽ, ഇസ് ലാമിന്റെ മാനവികതയിൽ ഊന്നിയ സാഹോദര്യ ദർശനം അത്യന്തം പ്രസക്തമാണെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ ഡെപ്യൂട്ടി റെക്ടറും ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതിയംഗവുമായ ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു.
ഫാഷിസത്തെ അതിജീവിക്കാനുള്ള സാമൂഹിക ദൗത്യം വിശ്വാസി സമൂഹം ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിന്റെ യഥാർഥ ആഴത്തിലും വ്യാപ്തിയിലും വിലയിരുത്തുന്നതിൽ സമുദായ നേതൃത്വത്തിന് ജാഗ്രത ആവശ്യമാണ്.
മുസ്ലിംകളുടെ രാഷ്ട്രീയ -സാംസ്കാരിക കർതൃത്വങ്ങളോടുള്ള നിഷേധാത്മക നിലപാടുകളെ തിരിച്ചറിയാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നവനാസ്തിക വിഭാഗങ്ങൾ മുസ്ലിം സമൂഹത്തിനെതിരെ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതവും പ്രകോപനപരവുമാണെന്നും, ‘നല്ല മുസ്ലിം -ചീത്ത മുസ്ലിം’ എന്ന വിഭജനം ഭിന്നത സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തറിന്റെ പഠന ഗവേഷണ വിഭാഗമായ സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർചിന്റെ (സി.എസ്.ആർ ദോഹ) ആഭിമുഖ്യത്തിൽ നടന്ന ടോക്ക് സീരീസിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
ഗവേഷണ വിദ്യാർഥിനികളായ നൗറീൻ ഹാമിദ്, ഫാത്തിമ ഷീജ എന്നിവർ വിഷയാവതരണം നടത്തി. സി.എസ്.ആർ ദോഹ അധ്യക്ഷൻ അബ്ദുറഹ്മാൻ കെ.ടി പരിപാടി നിയന്ത്രിച്ചു. നഈം അഹമദ് ഖുർആൻ പാരായണം നടത്തി. സി.ഐ.സി ജനറൽ സെക്രട്ടറി ഇ. അർഷദ് നന്ദി പറഞ്ഞു. റിയാസ് ടി. റസാഖ് ചടങ്ങ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

