അലീവിയയിൽ സൈക്യാട്രിക് വിഭാഗത്തിന് തുടക്കം
text_fieldsഅലീവിയ മെഡിക്കൽ സെന്ററിലെ സൈക്യാട്രിക് വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥി പി.എൻ. ബാബുരാജൻ
മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫിനും മെഡിക്കൽ സംഘത്തിനുമൊപ്പം
ദോഹ: ഖത്തറിലെ പ്രമുഖ ആതുരസേവന കേന്ദ്രമായ അലീവിയ മെഡിക്കൽ സെന്‍ററിൽ സൈക്യാട്രിക് വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. 2019ൽ അൽ മെഷാഫിലെ എസ്ദാൻ മാളിൽ ഖത്തറിലെ ആശുപത്രി മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമായി പ്രവർത്തനമാരംഭിച്ച അലീവിയയുടെ 'വെൽനസ് ഇൻ റീച്' എന്ന ലക്ഷ്യത്തിൽ നിർണായക ചുവടുവെപ്പായാണ് സൈക്യാട്രി വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ഖത്തറിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ലോകനിലവാരത്തിലെ ചികിത്സ സംവിധാനം ഒരുക്കുകകൂടിയാണ് ലക്ഷ്യം.
കോവിഡ് വ്യാപനകാലത്ത് പ്രവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ മാനസികസമ്മർദം അകറ്റാൻ ഇത്തരത്തിലുള്ള സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് മൂന്നു പതിറ്റാണ്ടിലേറെ ഖത്തറിൽ പ്രവാസിയായി തുടരുന്നതിന്‍റെ അനുഭവപരിചയത്തിൽ പി.എൻ. ബാബുരാജൻ സൂചിപ്പിച്ചു. രാജ്യത്തുള്ള വിവിധ വിഭാഗം ജനങ്ങൾക്ക് അലീവിയയുടെ സൈക്യാട്രിക് വിഭാഗത്തിന്‍റെ മെഡിക്കൽ സേവനം ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് ഏറ്റവും മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് അലീവിയയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ് പറഞ്ഞു. സൈക്യാട്രി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത് വഴി ആ മേഖലയിൽ നിർണായക ചുവടുവെപ്പാണ് നടത്തുന്നത്. ഉപഭോക്തൃ സംതൃപ്തിയാണ് അലീവിയയുടെ ലക്ഷ്യം. മാനസികാരോഗ്യ സേവനങ്ങൾ ആവശ്യമായ വിഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു -കെ.പി. അഷ്റഫ് വിശദീകരിച്ചു. സൈക്യാട്രിക് സ്പെഷലിസ്റ്റ് ഡോ. ടിഷ റേച്ചൽ ജേക്കബ്, ചീഫ് ഓപറേറ്റിങ് ഓഫിസർ ഉദയകുമാർ എന്നിവർ സംസാരിച്ചു.