‘ഖുർആനെ നിങ്ങളുടെ ശബ്ദത്താൽ അലങ്കരിക്കൂ’; കതാറ ഖുർആൻ പാരായണ മത്സരം രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsദോഹ: ഒമ്പതാമത് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ ഖുർആൻ പാരായണ മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഖുർആൻ പാരായണത്തിലെ വിശിഷ്ട പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, മനോഹരവും സുന്ദരവുമായ ശബ്ദമുള്ളവരെ കണ്ടെത്തുക, തജ് വീദ് നിയമങ്ങൾ പാലിച്ച് മികച്ച ഖുർആൻ പാരായണം ചെയ്യുന്നവരെ അവതരിപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഖുർആൻ പാരായണം ചെയ്യുന്നതിലെ മികവിനെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, യുവതലമുറയിൽ ഇസ്ലാമിക വിശ്വാസങ്ങളോടും സന്ദേശങ്ങളോടുമുള്ള പ്രതിബദ്ധത പുലർത്താനും ഇതിലൂടെ അവസരമൊരുക്കുന്നു. സെപ്റ്റംബർ 30 വരെ രജിസ്ട്രേഷന് അവസരമുണ്ട്.
ഖുർആൻ പാരായണ വിജയികൾക്കായി കാത്തിരിക്കുന്നത് 15 ലക്ഷം ഖത്തർ റിയാൽ സമ്മാനത്തുകയാണ്. ഒന്നാം സമ്മാനം നേടുന്നയാൾക്ക് അഞ്ച് ലക്ഷം ഖത്തർ റിയാലും രണ്ടാം സമ്മാനം നേടുന്നയാൾക്ക് നാല് ലക്ഷം ഖത്തർ റിയാലും സമ്മാനമായി ലഭിക്കും.
മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർക്കായി യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം സമ്മാനത്തുകയും ലഭിക്കും. 2017ൽ ആരംഭിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ സ്പോൺസർ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ ജനറൽ ഡയറക്ടറേറ്റ് ആണ്.
എല്ലാ അപേക്ഷകളും ഒരു പ്രത്യേക സമിതി വിലയിരുത്തുകയും തുടർന്ന് ദോഹയിൽ നടക്കുന്ന യോഗ്യതാ റൗണ്ടുകളിലേക്ക് ഇതിൽനിന്ന് 100 പേരെ തിരഞ്ഞെടുക്കുകയും ചെയ്യും. യോഗ്യത നേടിയവർ 20 ടെലിവിഷൻ എപ്പിസോഡുകളിൽ മത്സരിക്കും. അഞ്ച് മത്സരാർഥികൾ പങ്കെടുക്കുന്ന ഓരോ എപ്പിസോഡിൽനിന്നും ഒരു വിജയിയെ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കും.
സെമിഫൈനലിൽ 20 മത്സരാർഥികൾക്ക് ഒപ്പം അഞ്ച് റിസർവ് മത്സരാർഥികൾ കൂടി ചേർന്ന് അഞ്ച് എപ്പിസോഡുകളിലായി മത്സരിക്കും. അഞ്ചുപേർ മത്സരിക്കുന്ന അഞ്ച് എപ്പിസോഡുകളിൽ നിന്നും ഒാരോ വിജയിയെ വീതം ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. അഞ്ച് പേർ മാറ്റുരക്കുന്ന ഫൈനലിൽ ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിക്കും.
റമദാനിലെ പ്രത്യേക പരിപാടിയുടെ ഭാഗമായി ഈ എപ്പിസോഡുകൾ ഖത്തർ ടി.വി സംപ്രേക്ഷണം ചെയ്യും. വിധികർത്താക്കളായി ആറ് അംഗങ്ങളാണുള്ളത്. ഖുർആൻ പാരായണത്തിലും തജ്വീദിന്റെ നിയമങ്ങളിലും വിദഗ്ധരായ മൂന്നുപേർ, വോക്കൽ പെർഫോമൻസ്, മെലഡി, ശബ്ദ സൗന്ദര്യശാസ്ത്രം എന്നിവയിൽ നിന്ന് മൂന്ന് സ്പെഷ്യലിസ്റ്റുകളുമുണ്ടാകും. ഖുർആൻ പാരായണ മത്സരത്തിലെ വിജയി പാരായണം ചെയ്ത ഖുർആന്റെ പൂർണമായ ഓഡിയോ റെക്കോഡിങ് കതാറയുടെ ഇൻ ഹൗസ് സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്ത് പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

