ശ്രദ്ധിക്കുക, വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കരുത്
text_fieldsദോഹ: വിലപിടിപ്പുള്ള വസ്തുക്കൾ വാഹനങ്ങളിൽ പുറത്തുനിന്നും കാണുന്ന വിധത്തിൽ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. മൂല്യമേറിയ വസ്തുക്കൾ വാഹനങ്ങളിൽ സുരക്ഷിതമല്ലാതെ ഉപേക്ഷിക്കുന്നത് കാരണം, മോഷണത്തിനും മറ്റു കുറ്റകൃത്യങ്ങൾക്കും സാധ്യതയുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഫോണുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വാഹനങ്ങളിൽ മറ്റുള്ളവർക്ക് കാണുന്ന രീതിയിൽ വെച്ച്, വാഹനം പാർക്ക് ചെയ്ത് പോവരുതെന്നും, സുരക്ഷിതമായി സൂക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കുന്നത് പൊതു ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. ഫോണുകൾ, ലാപ്ടോപ്പുകൾ, കറൻസികൾ എന്നിവ വാഹനങ്ങളിൽ മതിയായ സുരക്ഷ ഇല്ലാതെ ഇട്ടേച്ച് പോകുന്നത് ശ്രദ്ധയിൽ പെടുന്നുണ്ടെന്നും വാണിജ്യ സ്ട്രീറ്റുകളിൽ ഇങ്ങനെ വാഹനങ്ങളിൽ ഇട്ടേച്ച് പോകുന്നത് കൂടുതൽ അപകടകരമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
രാജ്യത്ത് സമഗ്രമായ സുരക്ഷാ സംവിധാനം ഉറപ്പുവരുത്താൻ ആഭ്യന്തര മന്ത്രാലയം വിവിധ വകുപ്പുകളുമായി ചേർന്ന് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം പൊതുജനങ്ങളിൽ സുരക്ഷാ ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. ഇതു രാജ്യത്ത് കുറ്റകൃത്യ നിരക്ക് ഗണ്യമായി കുറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പൊതുജനങ്ങൾ തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ അപകടങ്ങളും ഇരകളാകുന്നത് സംബന്ധിച്ചും പൊതുജനങ്ങൾക്കിടയിൽ മന്ത്രാലയത്തിെൻറ ബോധവത്കരണം ശക്തമാണ്.2021ലെ ആഗോള കുറ്റകൃത്യ സൂചികയിൽ സുരക്ഷിതത്വത്തിലും ഏറ്റവും കുറവ് കുറ്റകൃത്യങ്ങളിലും ദോഹ നഗരം രണ്ടാം സ്ഥാനത്താണ്. ലോകത്തെ 431 നഗരങ്ങളിലാണ് ദോഹ മുന്നിട്ടു നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

