വേനൽ അഗ്നിബാധ: ജാഗ്രത വേണമെന്ന് ആഭ്യന്തരമന്ത്രാലയം
text_fieldsദോഹ: ജനങ്ങളുടെ അശ്രദ്ധയാണ് വേനലിലെ അഗ്നിബാധക്ക് കാരണമാകുന്നതെന്നും വൈദ്യുതോപകരണങ്ങൾ ഇടവേളകളില്ലാതെ രാത്രികളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ് തീപിടുത്തത്തിന് പ്രധാന കാരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജനങ്ങളിലെ ഒരു പ്രവണതയാണ് രാത്രിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെച്ച് കിടന്നുറങ്ങുന്നത്. ഫോൺ പോലെയുള്ള ഉപകരണങ്ങളിലുണ്ടാകുന്ന അമിത ചാർജ്ജ് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും ഉറക്കത്തിലാകുന്നതിനാൽ അപകടം സംബന്ധിച്ച് ജാഗ്രത്താകുന്നതിന് സാധ്യമാകാതെ വരുന്നുവെന്നും സിവിൽ ഡിഫൻസിലെ ക്യാപ്റ്റൻ ജബർ ഹമദ് അൽ മർരി പറഞ്ഞു.
എയർകണ്ടീഷെൻറ പവർ സ്വിച്ച് ഓഫ് ചെയ്യാതെ റിമോട്ടിൽ മാത്രം പ്രവർത്തിപ്പിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. റിമോട്ട് വഴിയുള്ള നിയന്ത്രണം മൂലം പവർ സ്വിച്ച് 24 മണിക്കൂറും പ്രവർത്തിക്കേണ്ടിവരുന്നുവെന്നും ഇത്തരം അശ്രദ്ധയും അപകടങ്ങളിലേക്കാണ് വഴിയൊരുക്കുകയെന്നും അൽ മർരി ചൂണ്ടിക്കാട്ടി.
അശ്രദ്ധക്ക് പുറമേ അന്തരീക്ഷത്തിലെ അമിതമായ താപനിലയും വേനൽ കാലത്തെ അഗ്നിബാധാ കേസുകൾ വർധിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെട്ട് പൂർണവിലാസവും എളുപ്പമാർഗവും വ്യക്തമാക്കിക്കൊടുക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രാലയത്തിെൻറ പ്രഥമ പഞ്ചവത്സര പദ്ധതിയായ 2011–2016 കാലഘട്ടത്തിലെ ലക്ഷ്യങ്ങളിൽ 90 ശതമാനവും കൈവരിക്കാൻ സാധിച്ചിരിക്കുന്നുവെന്നും ഇതിൽ തന്നെ സുരക്ഷാ മേഖലയിൽ പ്രത്യേക നേട്ടം തന്നെ അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും 75 ശതമാനത്തിൽ നിന്നും 30.5 ശതമാനമായി അപകടങ്ങൾ കുറക്കുന്നതിന് മന്ത്രാലയത്തിന് സാധിച്ചതായും ജബർ അൽ മർരി സൂചിപ്പിച്ചു.
വേനലിൽ അഗ്നിബാധ പോലുള്ള അപകടങ്ങൾ വർധിക്കുമെന്ന ബോധ്യത്തിൽ നിന്ന് കൊണ്ട് സിവിൽ ഡിഫൻസ് അതോറിറ്റി നേരത്തെ തന്നെ അഗ്നിബാധ സംബന്ധിച്ചുള്ള മുന്നറിയിപ്പും മറ്റു സുരക്ഷാ നിർദേശങ്ങളും ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. നമ്മുടെ അശ്രദ്ധയാണ് അപകടങ്ങളിലെ മുഖ്യ കാരണം. വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കൂടുതൽ സമയം എയർകണ്ടീഷൻ പോലുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതും കത്തിപ്പടരുന്ന വസ്തുക്കൾ അടുപ്പ് പോലുള്ള ഇടങ്ങളിൽ ഇട്ടേച്ച് പോകുന്നതും ശ്രദ്ധിക്കണമെന്നും അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
