ബാസ്കറ്റ്ബാൾ ലോകകപ്പ്: യോഗ്യത നറുക്കെടുപ്പ് പൂർത്തിയായി
text_fieldsദോഹ: രണ്ടു വർഷത്തിനപ്പുറം ഖത്തർ വേദിയൊരുക്കുന്ന കായികലോക മേളയിലൊന്നായ ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ നറുക്കെടുപ്പ് ദോഹയിൽ പൂർത്തിയായി. 2027 ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെ ദോഹയിൽ നടക്കുന്ന ലോകകപ്പിൽ ഇടം പിടിക്കാനായി 80 ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മാറ്റുരക്കുന്നത്.
അൽ ഹസം മാളിൽ നടന്ന നറുക്കെടുപ്പിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഫിഫ ബാസ്കറ്റ്ബാൾ ലോകകപ്പ് ഖത്തർ പ്രാദേശിക സംഘാടക സമിതി ചെയർമാനുമായ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ടീമുകളെ നാല് സോണുകളിലായി 20 ഗ്രൂപ്പുകളിലായാണ് തിരഞ്ഞെടുത്തത്. ഫിബ പ്രസിഡന്റ് ശൈഖ് സഊദ് അലി ആൽഥാനി, സെക്രട്ടറി ജനറൽ ആൻഡ്രിയാസ് സാഗ്ലിസ്, ഖത്തർ ബാസ്കറ്റ് ബാൾ ഫെഡറേഷൻ അധ്യക്ഷനും പ്രാദേശിക സംഘാടക സമിതി ഡയറക്ടർ ജനറലുമായ മുഹമ്മദ് സഅദ് അൽ മുഗൈസീബ്, ഫിബ സെൻട്രൽ ബോർഡ് അംഗങ്ങളും ദേശീയ ഫെഡറേഷനുകളിൽനിന്നുള്ള 60ലധികം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
2025 നവംബർ മുതൽ 2027 മാർച്ച് വരെ ആറ് വിൻഡോകളിലായി നടക്കുന്ന യോഗ്യതാ റൗണ്ടിൽ 420 മത്സരങ്ങൾ നടക്കും. 2027 ആഗസ്റ്റ് 27 മുതൽ 12 വരെ നടക്കുന്ന ലോകകപ്പ് മിഡിലീസ്റ്റ് വേദിയാകുന്ന ആദ്യ ബാസ്കറ്റ് ബാൾ ലോകകപ്പ് എന്ന നിലയിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
ഫിബ ഗ്ലോബൽ അംബാസഡറും മൂന്നു തവണ ഒളിമ്പിക് ചാമ്പ്യനുമായ എൻ.ബി.എ ഇതിഹാസം കാർമെലോ ആന്റണിയാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. ഖത്തറിന്റെ ഹൈജംപ് ഇതിഹാസം മുഅതസ് ഈസ്സ ബർഷിം, നാല് തവണ ഒളിമ്പിക് ചാമ്പ്യനായ ബ്രിട്ടന്റെ മോ ഫറ, ജി.ജി.സി ബാസ്കറ്റ് ബാൾ ഇതിഹാസവും 3x3 ലോക ചാമ്പ്യനുമായ ഖത്തറിന്റെ യാസിൻ മൂസ എന്നിവരും നറുക്കെടുപ്പ് വേദിയിലെത്തി. ഏഷ്യ, ഓഷ്യാനിയ മേഖലാ യോഗ്യതാ റൗണ്ടിൽ ലബനാൻ, സൗദി അറേബ്യ, ഇന്ത്യ എന്നിവർക്കൊപ്പം ഗ്രൂപ് ഡിയിലാണ് ഖത്തറിന്റെ സ്ഥാനം. ആതിഥേയരെന്ന നിലയിൽ ഖത്തർ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

