ബാസ്കറ്റ്ബാൾ ഏഷ്യ കപ്പ്; ഖത്തർ ദേശീയ ടീമിനെ പ്രഖ്യാപിച്ചു
text_fieldsഖത്തർ ബാസ്കറ്റ്ബാൾ ടീം
ദോഹ: 31ാമത് ഫിബ ബാസ്കറ്റ്ബാൾ ഏഷ്യ കപ്പിനുള്ള ദേശീയ ടീമിനെ ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. 31ാമത് ഫിബ ഏഷ്യ കപ്പ് ടൂർണമെന്റ് ആഗസ്റ്റ് അഞ്ചു മുതൽ 17 വരെ സൗദിയിലെ ജിദ്ദയിൽ നടക്കും. ടൂർണമെന്റിൽ ഏഷ്യയിലെ 16 മുൻനിര ദേശീയ ടീമുകൾ പങ്കെടുക്കും.ഖത്തർ ബാസ്കറ്റ്ബാൾ ടീം അന്തിമ പട്ടികയിൽ 12 കളിക്കാർ ഉൾപ്പെടുന്നു. ബ്രാൻഡൻ ഗുഡ് വിൻ, അലൻ ഹാഡ്സിബെഗോവിച്, സൈദു ദിയേ, സൈനുദ്ദീൻ ബദ് രി, ടൈലർ ഹാരിസ്, അജി മഗാസ, ഉമർ സാദ്, മുസ്തഫ എൻഡോ, മുഹമ്മദ് ബഷീർ, ബബാകർ ഡിയെങ്, അബ്ദുറഹ്മാൻ സാദ്, മഹ്മൂദ് ദർവിഷ് എന്നിവരാണ് ഖത്തറിനുവേണ്ടി മാറ്റുരക്കുക.ടൂർണമെന്റിൽ അതിശക്തരായ ആസ്ട്രേലിയ, ദക്ഷിണ കൊറിയ, ലബനാൻ എന്നിവർക്കൊപ്പം എ ഗ്രൂപ്പിലാണ് ഖത്തർ. ആഗസ്റ്റ് ആറിന് ദക്ഷിണ കൊറിയക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം.
തുടർന്ന് ആഗസ്റ്റ് എട്ടിന് ലബനാനുമായും ആഗസ്റ്റ് 10ന് ആസ്ട്രേലിയയുമായും ഏറ്റുമുട്ടും. തുർക്കി പരിശീലകൻ ഹകാൻ ഡെമിറാണ് ടീമിന്റെ ടെക്നിക്കൽ സ്റ്റാഫിനെ നയിക്കുക. ഖത്തർ പ്രതിനിധി സംഘത്തെ ബാസ്കറ്റ്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ദേശീയ ടീമുകളുടെ ഡയറക്ടറുമായ സദൂൻ സബാഹ് അൽ കുവാരി നയിക്കും. ടീം മാനേജർ ജാസിം ഇബ്രാഹിം അഷ്കനാനിയും അസിസ്റ്റന്റ് മാനേജർ നബീൽ ജുമയുമാണ്. ടൂർണമെന്റിലെ മറ്റ് ഗ്രൂപ്പുകൾ:- ബി ഗ്രൂപ്: ജപ്പാൻ, ഇറാൻ, സിറിയ, ഗുവാം. സി ഗ്രൂപ്: ചൈന, ജോർഡൻ, ഇന്ത്യ, സൗദി അറേബ്യ. ഡി ഗ്രൂപ്: ഫിലിപ്പീൻസ്, ന്യൂസിലൻഡ്, ഇറാഖ്, തായ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

