‘ഗസ്സയിൽ അടിസ്ഥാന ആവശ്യങ്ങളും മാനുഷിക സഹായങ്ങളും ലഭ്യമാക്കണം'
text_fieldsദോഹ: ഗസ്സയിലെ സിവിലിയന്മാർക്ക് അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ഗൾഫ് സഹകരണ കൗൺസിൽ മന്ത്രിതല സമിതി ആവശ്യപ്പെട്ടു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രമേയം ജി.സി.സി സമിതി അംഗീകരിച്ചു. ഗസ്സ അടക്കം പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലെ പുതിയ സംഭവവികാസങ്ങൾ അടക്കം വിവിധ വിഷയങ്ങൾ സമിതി ചർച്ച ചെയ്തു. മന്ത്രിതല സമിതി സംയുക്ത ഗൾഫ് ആക്ഷൻ പ്രവർത്തനങ്ങളെക്കുറിച്ചും അംഗരാജ്യങ്ങളുടെ ശ്രമങ്ങളെക്കുറിച്ചുമുള്ള ജനറൽ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് അവലോകനം ചെയ്യുകയും വിഷയത്തിൽ ജി.സി.സി.യുടെ പ്രമേയങ്ങൾ അംഗീകരിക്കുകയും ചെയ്തു.
ഗസ്സയിലെ സിവിലിയന്മാരെ സംരക്ഷിക്കുകയും അവരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുകയോ പുറത്താക്കുകയോ ചെയ്യുന്നതിനെ എതിർക്കുകയും വേണം. വെടിനിർത്തൽ കരാറിലെത്തേണ്ടതിന്റെയും, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കേണ്ടതിന്റെയും, സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും, അടിയന്തരമായി തടസ്സങ്ങളില്ലാതെ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെയും ആവശ്യകത സമിതി ഉന്നയിച്ചു.
വംശീയ ഉന്മൂലനം, സിവിലിയന്മാരുടെയും പത്രപ്രവർത്തകർക്കുനേരെയുമുള്ള ആക്രമണങ്ങൾ തുടങ്ങിയ നയങ്ങളെയും കൗൺസിൽ അപലപിച്ചു. മുനമ്പിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ട് റെസിഡൻഷ്യൽ ഏരിയകൾ, ആശുപത്രികൾ, സ്കൂളുകൾ, സർവകലാശാലകൾ, മസ്ജിദ്, ചർച്ചുകൾ, എന്നിവക്കുനേരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണത്തെ കൗൺസിൽ അപലപിച്ചു. ഇസ്രായേൽ അധിനിവേശ സർക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

