ഡയമണ്ട് ലീഗിൽ തിളങ്ങാൻ ബർഷിമും ഹാമിഷ് കെറും
text_fields മുഅതസ് ബർഷിം, ഹാമിഷ് കെർ
ദോഹ: അത്ലറ്റിക്സിലെ ലോകതാരങ്ങൾ മാറ്റുരക്കുന്ന ദോഹ ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് കായിക താരങ്ങൾ. മേയ് 16ന് നടക്കുന്ന ജെറ്റൂർ ദോഹ മീറ്റിൽ ഹൈജംപ് പിറ്റിൽ മത്സരങ്ങൾ തീ പാറുമെന്നുറപ്പായി. നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ന്യൂസിലൻഡിന്റെ ഹാമിഷ് കെറും മുൻ ഒളിമ്പിക് ചാമ്പ്യൻ ഖത്തറിന്റെ മുഅതസ് ഈസ ബർഷിമും നേർക്കുനേർ ഏറ്റുമുട്ടും.
28കാരനായ കെർ 2024ലെ ലോക അത്ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോഡോടെ വിജയിക്കുകയും 2.36 മീറ്റർ ചാടി ഓഷ്യാനിയയിലെ ഏറ്റവും മികച്ച ഉയരം കുറിക്കുകയും ചെയ്തിരുന്നു. 2022ൽ കെർ വെങ്കലം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ കെർ, ഈ വർഷത്തെ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
ഡയമണ്ട് ലീഗ് സീസണിന് ദോഹയിൽ തുടക്കം കുറിക്കാൻ ഒരുങ്ങിയതായി താരം പറഞ്ഞു. മാർച്ചിൽ ന്യൂസിലൻഡ് ദേശീയ ചാമ്പ്യനായി കൊണ്ടാണ് പുതിയ സീസൺ ഒരുക്കങ്ങൾ തുടങ്ങിയത്. പാരിസിൽ വെങ്കലം നേടിയ ഖത്തർ ഇതിഹാസ താരം ബർഷിം 2012, 2016 ഒളിമ്പിക്സുകളിൽ വെള്ളി നേടുകയും ടോക്യോയിൽ ഇറ്റാലിയൻ താരം തംബേരിക്കൊപ്പം സ്വർണം പങ്കിടുകയും ചെയ്തിരുന്നു. 2022ൽ യൂജിനിൽ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി തുടർച്ചയായി മൂന്നുതവണ ലോക കിരീടം കരസ്ഥമാക്കി.
33കാരനായ ബർഷിം 2024ൽ കതാറ ആംഫി തിയറ്ററിൽ ലോകത്തെ മികച്ച ഹൈജംപർമാരെ ഒരുമിച്ച് വാട്ട് ഗ്രാവിറ്റി ചലഞ്ച് എന്ന പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു.
‘ഹൈജംപ് എന്റെ ആത്മാവിൽ അലിഞ്ഞിരിക്കുന്നു. ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ഉയരത്തിലെത്താനാണ് ശ്രമിക്കുന്നത്’ - ബർഷിം പറഞ്ഞു. 2.43 മീറ്ററാണ് ബർഷിമിന്റെ മികച്ച ഉയരം.
പാരിസ് ഒളിമ്പിക്സിനുശേഷം തുടർന്നുള്ള ഇൻഡോർ സീസണിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായും, ടോക്യോയിൽ ഈ വർഷം നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് ലക്ഷ്യമെന്നും ബർഷിം പറയുന്നു.
സീസണിലെ ഡയമണ്ട് ലീഗിന്റെ മൂന്നാമത് മീറ്റാണ് ദോഹയിൽ നടക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി 15 ഇവന്റുകളാണ് ഡമയണ്ട് ലീഗിനുള്ളത്. ഏപ്രിൽ 26ന് സിയാമെനിൽ ആരംഭിച്ച് ആഗസ്റ്റ് 27-28 ദിവസങ്ങളിൽ സൂറിച്ചിൽ നടക്കുന്ന ഫൈനലോടെയാണ് ഡയമണ്ട് ലീഗിന് അവസാനം കുറിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

