വിമാന യാത്രക്കാരനിൽ നിന്നും നിരോധിത മരുന്നുകൾ പിടികൂടി
text_fieldsഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും
പിടികൂടിയ നിരോധിത ഗുളികകൾ
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും നിരോധിത ലഹരി മരുന്നുകൾ പിടികൂടി ഖത്തർ കസ്റ്റംസ്. ലഗേജിനുള്ളിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലിറിക്ക മരുന്നുകൾ കണ്ടെത്തിയത്. 13,579 ഗുളികകൾ കണ്ടെത്തിയതായി ഖത്തർ കസ്റ്റംസ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോയിൽ അറിയിച്ചു. വിമാനത്താവളത്തിലെ ബാഗേജ് ബെൽറ്റിൽ നിന്ന് ലഗേജ് സ്വീകരിക്കുന്നതും തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
ലഹരിമരുന്നുകൾ ഉൾപ്പെടെ നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുതെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും ഉന്നത പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും യാത്രക്കാരന്റെ ശരീരഭാഷ ഉൾപ്പെടെ വിശകലന വിധേയമാക്കി കള്ളക്കടത്തുകൾ തടയാനുള്ള സംവിധാനങ്ങൾ ഹമദ് വിമാനത്താവളത്തിൽ സജ്ജമാണ്.

