ബാങ്കിലെ മോഷണം; പ്രതി അറസ്റ്റിൽ
text_fieldsബാങ്കിൽ നിന്നും പണം കവർന്ന കേസിൽ അറസ്റ്റിലായ ആൾ
ദോഹ: ബാങ്കിൽ ഇടപാടിനെത്തിയ വ്യക്തിയുടെ പണമടങ്ങിയ സഞ്ചി മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ഇയാളിൽനിന്ന് 71,628 റിയാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെടുത്തു.
ബാങ്കിൽ ഉപഭോക്താവ് എന്ന വ്യാജേനെ എത്തിയ വ്യക്തിയാണ് മറ്റൊരാളുടെ പണമടങ്ങിയ പ്ലാസ്റ്റിക് സഞ്ചിയുമായി കടന്നുകളഞ്ഞത്. തുടർന്ന് ബാങ്കിലെയും പുറത്തെയും നിരീക്ഷണക്കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പൊലീസ് പണം കണ്ടെത്തിയത്. കുറ്റം സമ്മതിച്ച പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മോഷ്ടാവ് ബാങ്കിൽ പ്രവേശിക്കുന്നതും തന്റെ ബാഗിനൊപ്പം പണമടങ്ങിയ ബാഗുമായി ധിറുതിയിൽ മടങ്ങുന്നതും ഉൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പൊതുയിടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ഇടപെടുമ്പോൾ തങ്ങളുടെ വസ്തുക്കൾ സൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.