ബാഡ്മിൻറണിനെ പ്രണയിച്ച് കോർട്ടിൽ കൂട്ടുകൂടിയവർ
text_fieldsബാഡ്മിന്റൺ ലവേഴ്സ് സംഘത്തിലെ അംഗങ്ങൾ
വീട്ടിലിരുന്ന് മടുത്ത് ബാഡ്മിൻറൺ കോർട്ടിൽ ഒത്തുചേർന്ന് വലിയ കൂട്ടായ്മയായി മാറിയ ‘ബാഡ്മിൻറൺ ലവേഴ്സി’നെ അറിയാം
ദോഹ: യു.എ.ഇയിൽ വർഷങ്ങളായി പ്രവാസിയായ ചങ്ങനാശ്ശേരി സ്വദേശിനി അശ്വതി കിരൺ രണ്ടു വർഷം മുമ്പ് ഭർത്താവിന്റെ തൊഴിൽ മാറ്റത്തിനു പിറകെ ഖത്തറിൽ പ്രവാസിയായെത്തുേമ്പാൾ ഈ നാട് തീർത്തും അപരിചിതമായിരുന്നു. തിരക്കേറിയ ദുബൈ ജീവിതത്തിൽനിന്നും ദോഹയിലെത്തിയപ്പോൾ കൂട്ടുകാരും സൗഹൃദങ്ങളുമില്ലാത്ത ഒരു പുതിയ ഇടം.
അങ്ങനെയാണ് പ്രവാസി അമ്മമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ‘മലയാളി മംമ്സ് മിഡിലീസ്റ്റിൽ’ ഒരു പോസ്റ്റിടുന്നത്. ‘ബാഡ്മിൻറൺ കളിക്കാൻ താൽപര്യമുള്ള വീട്ടമ്മമാർ ദോഹയിലുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികരണം ലഭിച്ചു തുടങ്ങി.
മക്കളെ സ്കൂളുകളിലയച്ചാൽ ഫ്ലാറ്റിനുള്ളിൽ മുഷിഞ്ഞിരിക്കുന്ന അമ്മമാർ മുതൽ ഹമദ് ആശുപത്രിയിലെ ഡോക്ടർമാർ, വിവിധ സ്കൂളുകളിലെ അധ്യാപികമാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ... അങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരും അല്ലാത്തവരുമെല്ലാം കോർട്ടിലിറങ്ങാൻ ഇഷ്ടം പറഞ്ഞെത്തി.
കളി അറിയുന്നവരും കളി പഠിക്കാൻ താൽപര്യമുള്ളവരുമായി ഒരു സംഘമായപ്പോൾ, ചിപ്പി അനൂപാണ് ‘ബാഡ്മിൻറൺ ലവേഴ്സ്’ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ് ആരംഭിച്ചത്. നാലുപേരായതോടെ ആദ്യ ആഴ്ചയിൽ തന്നെ അബൂ ഹമൂറിലെ സ്വകാര്യ കോർട്ടിൽ കളി തുടങ്ങി.
പിന്നെ ഓരോ ആഴ്ചയിലുമായി ‘ബാഡ്മിൻറൺ ലവേഴ്സിൽ’ അംഗങ്ങൾ കൂടി വന്നു. പത്തും, 20ഉം കടന്ന് രണ്ടുവർഷത്തിനിപ്പുറം നൂറിലേറെ അംഗങ്ങളുമായി ഖത്തറിലെ തന്നെ പ്രബലരായ ബാഡ്മിൻറൺ വനിത കൂട്ടായ്മയായി മാറി ഈ സംഘം.
ഒഴിവു സമയങ്ങളിൽ വീട്ടിലിരുന്നും, മൊബൈൽ ഫോണിൽ സമയം ചെലവഴിച്ചും കഴിഞ്ഞ വലിയൊരു സംഘത്തെ കോർട്ടിലേക്കിറക്കി കളിയെ ഗൗരവത്തിലെത്തിക്കാൻ കഴിഞ്ഞെന്ന് പ്രധാന സംഘാടകയായി അശ്വതി കിരൺ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്പോൾ ദിവസവും രാവിലെ കളിക്കുന്നവർ മുതൽ വാരാന്ത്യ അവധി ദിനങ്ങളിൽ രാവിലെയും വൈകീട്ടുമായി വിവിധ ബാച്ചുകളിലായി കോർട്ടിലെത്തുന്നവർ വരെ സംഘം വിശാലമായി. അബൂഹമൂർ, മദീന ഖലീഫ, ഓൾഡ് ഐഡിയൽ സ്കൂളിലെ ഡൈനാമിക് ബാഡ്മിൻറൺ തുടങ്ങിയ ഇടങ്ങളിലായാണ് കളി പുരോഗമിക്കുന്നത്. ഖത്തറിലെ പ്രമുഖ ടൂർണമെൻറുകളിലും അംഗങ്ങൾ പങ്കെടുക്കുന്നു.
കളിക്കാൻ ഒത്തുചേർന്നവരിൽനിന്ന് വലിയൊരു സൗഹൃദവുമായി വളരാനും ‘ബാഡ്മിൻറൺ ലവേഴ്സ്’ സഹായിച്ചെന്നും ഈ പെൺകൂട്ടായ്മ സാക്ഷ്യപ്പെടുത്തുന്നു. കളിക്കുപുറമെ, വല്ലപ്പോഴും ഒത്തുചേരാനും, ഭർത്താക്കന്മാരും മക്കളും ഒപ്പം ചേർന്ന് കളിയെ കുടുംബ കാര്യമാക്കാനുമെല്ലാം കഴിഞ്ഞു. കളി അറിയാത്ത പുതിയ അംഗങ്ങൾക്ക് പരിശീലനം നൽകാനും ഒപ്പം, ടൂർണമെൻറുകളുടെ ഒരുക്കങ്ങളിലേക്ക് തയാറെടുപ്പായുമെല്ലാം ഈ കൂട്ടായ്മ സജീവമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

