ബാക് ടു സ്കൂൾ; പുതിയ ക്ലാസ്, പുതിയ പാഠങ്ങൾ
text_fieldsപുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ
ദോഹ: വാർഷിക പരീക്ഷയും കഴിഞ്ഞ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ വീണ്ടും പഠനത്തിരക്കിലേക്ക്. 2023-24 അധ്യയന വർഷത്തിന് ഞായറാഴ്ചയോടെ പല സ്കൂളുകളിലും തുടക്കംകുറിച്ചു. പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ വിദ്യാർഥികളെയും പുതുതായി പ്രവേശനം നേടിയവരെയും ആഘോഷത്തോടെയാണ് സ്കൂളുകൾ വരവേറ്റത്. മാർച്ച് രണ്ടാം വാരത്തിൽതന്നെ കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷകൾ പൂർത്തിയായിരുന്നു. പത്തും, 12ഉം ക്ലാസുകൾ ഇടവേളയില്ലാതെ പുതിയ പാഠഭാഗങ്ങളുടെ പഠനത്തിലേക്ക് നീങ്ങിയപ്പോൾ, മറ്റു ക്ലാസുകളിൽ രണ്ടാഴ്ച വരെ അവധി നൽകി. രണ്ടുമാസത്തെ ക്ലാസിനു ശേഷമായിരിക്കും ജൂണിൽ ഖത്തറിലെ വേനലവധിക്ക് സ്കൂളുകൾ അടക്കുന്നത്.
ആദ്യ അധ്യയനദിനത്തിൽ സ്കൂളിലെത്തുന്ന എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ ഞായറാഴ്ചതന്നെ ഏറെ ക്ലാസുകളും ആരംഭിച്ചു. പൊഡാർ പേൾ സ്കൂളിൽ 10, 11, 12 ക്ലാസുകൾ ഞായറാഴ്ച തുടങ്ങി. വ്യാഴാഴ്ചയോടെ ശേഷിച്ച ക്ലാസുകളിലും അധ്യയനം തുടങ്ങും. മലയാളി മാനേജ്മെന്റ് ഉൾപ്പെടെ 18ഓളം ഇന്ത്യൻ സ്കൂളുകളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്.
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികളെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ് ഖാദർ സ്വാഗതം ചെയ്തു. കുട്ടികൾക്ക് ഏറ്റവും മികച്ച പുതിയ അധ്യയന വർഷവും ആശംസിച്ചു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികളും നടത്തിയിരുന്നു.
എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് ഖാദർ വിദ്യാർഥികൾക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

