അസീസിയ മഴവെള്ള സംഭരണ ടാങ്ക് തയാർ
text_fieldsഅൽ അസീസിയയിൽ നിർമാണം പൂർത്തിയായ മഴവെള്ള സംഭരണ ടാങ്ക്
ദോഹ: മഴവെള്ളം ശേഖരിക്കാനായുള്ള അൽ അസീസിയയിലെ കൂറ്റൻ ടാങ്കിന്റെ നിർമാണം പൂർത്തിയായി. അൽ അസീസിയ മേഖലയിലെ മഴവെള്ളം ഒഴുക്കിവിടുന്ന ശൃംഖലകൾ മെച്ചപ്പെടുത്താനായി ആസ്പയർ സോൺ ഫൗണ്ടേഷൻ സഹകരണത്തോടെ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് വലിയ മഴവെള്ള ശേഖരണ ടാങ്കിന്റെ നിർമാണം പൂർത്തിയാക്കിയത്.
മഴവെള്ളം നീക്കാനായി 3000 ടാങ്കറുകൾ ഉപയോഗിക്കുന്നതിന് പകരമായാണ് 28,000 ഘനമീറ്റർ ശേഷിയിൽ ടാങ്ക് നിർമിച്ചിരിക്കുന്നത്. 35 ഒളിമ്പിക് സ്വിമ്മിങ് പൂളിന് തുല്യമാണ് പുതിയ മഴവെള്ള ശേഖരണ ടാങ്ക്.
ഫിഫ ലോകകപ്പിന് മുന്നോടിയായി പദ്ധതി പൂർത്തിയാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് അശ്ഗാൽ അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ റെക്കോഡ് വേഗതയിൽ പദ്ധതി പൂർത്തിയാക്കാൻ അശ്ഗാലും ആസ്പയർ സോൺ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം ഏറെ ഗുണകരമായെന്ന് ഡ്രെയിനേജ് നെറ്റ് വർക്ക് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജി. ഖാലിദ് സൈഫ് അൽ ഖയാറിൻ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ എല്ലാ രാജ്യങ്ങളും പ്രതിസന്ധികൾ നേരിട്ട സാഹചര്യത്തിലും 20 ശതമാനം ചെലവ് ചുരുക്കിയാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നതെന്നും പരിസ്ഥിതി സുസ്ഥിരതക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ടാങ്ക് നിർമിച്ചിരിക്കുന്നതെന്നും അൽ ഖയാറീൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

