ഒരു തുള്ളിയും പാഴാകില്ല; വുദു വെള്ളം പുനരുപയോഗിക്കാൻ പദ്ധതിയുമായി ഔഖാഫ് മന്ത്രാലയം
text_fieldsദോഹ: മസ്ജിദുകളിൽ വുദു വെള്ളം പുനരുപയോഗിക്കാൻ മാതൃകാ പദ്ധതിയുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. എൻജിനീയറിങ് വകുപ്പുമായി സഹകരിച്ച് അൽ വക്രയിലും ലുസൈലിലുമുള്ള രണ്ട് മസ്ജിദുകളിൽ വുദു വെള്ളം പുനരുപയോഗിക്കാൻ മാതൃകാ പദ്ധതികൾ ആരംഭിച്ചു.
വെള്ളം സംരക്ഷിക്കുകയും പരിസ്ഥിതി ദൗത്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി.
ആദ്യ പദ്ധതി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ, അൽ വക്റ മുനിസിപ്പാലിറ്റി എന്നിവരുമായി സഹകരിച്ച് അൽ വക്റയിലെ ഖൻബർ അൽ അൻസാരി മസ്ജിദിൽ ആരംഭിച്ചു. രണ്ടാമത്തെ പദ്ധതി ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി സഹകരിച്ച് ലുസൈലിലെ അൽ ഖൽദാരി മസ്ജിദിലും നടപ്പാക്കി.
ഈ രണ്ട് പദ്ധതിയിലൂടെയും വുദു വെള്ളം ശുദ്ധീകരിച്ച് മസ്ജിദിനോട് ചേർന്ന പ്രദേശങ്ങളിൽ ചെടികൾ നനക്കാനും ശൗചാലയങ്ങളിലെ ഫ്ലഷിങ് ആവശ്യങ്ങൾക്കും ഉപയോഗിക്കും. ഇതുവഴി ശുദ്ധജല ഉപയോഗം കുറക്കാനും ജലവിഭവങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും. നിർമാണത്തിലുള്ള മറ്റു മസ്ജിദുകളിലേക്കും പദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം.
രാജ്യത്തെ പരിസ്ഥിതിയെ സംരക്ഷിക്കാനും ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെയും ഭാഗമായാണ് പദ്ധതി.മസ്ജിദുകളുടെ അടിസ്ഥാനസൗകര്യങ്ങൾ, ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കുക എന്ന മന്ത്രാലയത്തിന്റെ പദ്ധതിയോടും പൊരുത്തപ്പെടുന്നതാണിത്. ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമായി പരിസ്ഥിതി വികസനം, വിഭവങ്ങളുടെ സംരക്ഷണം എന്നീ ലക്ഷ്യങ്ങളും ഈ പദ്ധതിയിലൂടെ നടപ്പിലാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

