ഔഖാഫ് ഒക്ടോബറിൽ വിതരണം ചെയ്തത് 3.4 കോടി റിയാൽ
text_fieldsഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്
ഖത്തർ: ഖത്തറിലെ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ സകാത് കാര്യ വകുപ്പ് ഒക്ടോബർ മാസത്തിൽ വിതരണം ചെയ്തത് 3.4 കോടി റിയാൽ. രാജ്യത്തുടനീളമുള്ള 1750 കുടുംബങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ സാമ്പത്തിക സഹായം നൽകിയതായി ഔഖാഫ് അറിയിച്ചു. ഇസ്ലാമിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി സകാത് ഫണ്ടുകൾ കൃത്യമായും സുതാര്യതയോടെയും അർഹരായവർക്ക് എത്തിക്കാൻ വകുപ്പ് പ്രതിജ്ഞബദ്ധമാണെന്ന് സകാത് കാര്യ വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ സഈദ് ഹാദി അൽ മർരി പറഞ്ഞു. ദാതാക്കൾക്കും സ്വീകർത്താക്കൾക്കും ഇടയിലുള്ള ഒരു പാലമായി സകാത് കാര്യ വകുപ്പ് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബറിൽ രണ്ട് വിഭാഗങ്ങളിലായാണ് സകാത് സഹായമനുവദിച്ചത്. താമസസൗകര്യം, ജീവിതച്ചെലവുകൾ, ഭക്ഷണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ കുടുംബങ്ങളെ സഹായിക്കുന്നതിനായി 90 ലക്ഷം ഖത്തർ റിയാൽ സഹായം വിതരണംചെയ്തു. രോഗികളുടെ ചികിത്സ, സ്കൂൾ ഫീസ് അടക്കൽ, കടബാധ്യതയുള്ളവരെ സഹായിക്കൽ എന്നിവക്കായി ഒറ്റത്തവണ സഹായമായി 2.5 കോടി റിയാലും വിതരണം ചെയ്തു.
സകാത് അർഹതപ്പെട്ടവരിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ അപേക്ഷകളും സമഗ്രമായ പരിശോധനക്കും വിലയിരുത്തലിനും വിധേയമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.zakat.gov.qa വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ രേഖകളും ഓൺലൈനിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. വ്യക്തികളെയും കമ്പനികളെയും സകാത് വിവിധ മാർഗങ്ങളിലൂടെ സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ കൈമാറാമെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ ഒരുക്കിയിട്ടുള്ള സകാത് കലക്ഷൻ ഓഫിസുകൾ വഴിയും സകാത് അടക്കാം. കൂടാതെ, വകുപ്പിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് നേരിട്ടോ ബാങ്ക് ട്രാൻസ്ഫറുകൾക്ക് പുറമെ, 55199990, 55199996 എന്നീ ഹോട്ട്ലൈനുകൾ വഴി സേവനവും വകുപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

