സീറോ വേസ്റ്റിന് ബോധവത്കരണമാണ് വഴി
text_fieldsജോസ് സൊസേഡോയും ഡീപ് പ്രവർത്തകനും മാലിന്യ നിർമാർജന പ്രവർത്തനത്തിൽ
ദോഹ: മാലിന്യമില്ലാത്ത ലോകം എന്ന സ്വപ്നവുമായി പ്രഥമ അന്താരാഷ്ട്ര ‘സീറോ വേസ്റ്റ് ഡേ’ ആചരിച്ച ദിനമായിരുന്നു മാർച്ച് 30. പൊതുജനങ്ങളിലും വിദ്യാർഥികളിലുമായി മാലിന്യം വലിച്ചറിയുന്നതിനെതിരെ ബോധവത്കരണം അനിവാര്യമാണെന്ന് ഈ വേളയിൽ സമൂഹത്തെ ഓർമപ്പെടുത്തുകയാണ് ദോഹ എൻവയൺമെന്റൽ ആക്ഷൻ പ്രോജക്ട് (ഡി.ഇ.എ.പി) മേധാവി ജോസ് സൊസേഡോ. പ്ലാസ്റ്റിക് മാത്രമല്ല മാലിന്യമായി മാറുന്നത്.
ഭക്ഷണം, ഇലക്ട്രോണിക്സ്, പേപ്പർ, പുനരുപയോഗിക്കാനാവാത്ത വസ്തുക്കൾ എന്നിവയൊന്നും പരിസ്ഥിതിക്ക് സുസ്ഥിരമല്ലെന്ന് ജോസ് സൊസേഡോ പറഞ്ഞു. ഖത്തറിലെ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചും മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ടും ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സൊസേഡോ, മാലിന്യം എന്ന ആശയവും അത് പരിസ്ഥിതിക്ക് എത്രത്തോളം ദോഷകരമാകുമെന്നും പൊതുജനം മനസ്സിലാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
മാലിന്യം വലിച്ചെറിയുന്ന ശീലം തടയുകയാണ് സീറോ വേസ്റ്റ് ലക്ഷ്യത്തിൽ പ്രധാനം. എല്ലാവരും പതിവായി മാലിന്യം എറിയുകയാണെങ്കിൽ, അതൊരു ശീലമാവും. നിയന്ത്രണങ്ങളും ബോധവത്കരണവും വഴി മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
യു.എൻ പൊതുസഭയുടെ പ്രമേയത്തിലൂടെ സ്ഥാപിതമായ യു.എൻ പരിസ്ഥിതി പ്രോഗ്രാമും (യു.എൻ.ഇ.പി) യു.എൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമും (യു.എൻ ഹാബിറ്റാറ്റ്) സംയുക്തമായാണ് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമാചരിക്കുന്നത്. യു.എൻ റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ലോകത്ത് 200 കോടി ടണ്ണിലധികം ഖരമാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്.
അതിൽ 45 ശതമാനം മാലിന്യവും തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2050ഓടെ ഖരമാലിന്യം പ്രതിവർഷം 400 കോടി ടണ്ണായി ഇരട്ടിക്കുമെന്നും യു.എൻ വ്യക്തമാക്കുന്നു. ഏകദേശം 931 ദശലക്ഷം ടൺ ഭക്ഷണം നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നുണ്ടെന്നും 14 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജല ആവാസവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തർ പ്രതിവർഷം എട്ടു ദശലക്ഷം മെട്രിക് ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കുന്നുണ്ട്. അതിൽ 48 ശതമാനവും നിർമാണ മേഖലയിലാണ്. ബൾക്ക് വേസ്റ്റ് 34 ശതമാനവും ഗാർഹിക മാലിന്യം 17 ശതമാനവും വരും. മാലിന്യത്തിന്റെ പ്രത്യാഘാതങ്ങൾ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുകയും മലിനീകരണവും മാലിന്യവും കുറക്കുന്നതിന് എല്ലാ തലങ്ങളിലും ആഗോള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

