വേദനയിലും അവർ പറഞ്ഞു, മകെൻറ അവയവങ്ങൾ ദാനം ചെയ്യാൻ
text_fieldsദോഹ: കടൽകടന്ന് ഒരു വർഷം മുേമ്പ മകൻ പോയത്, കുടുംബത്തിന് അല്ലലില്ലാെത്താരു ജീവിതം കൊടുക്കാനാണ്. പ്രവാസത്തിൽ ഒരു വർഷം തികഞ്ഞപ്പോൾ തന്നെ മകൻ അവരെ വിട്ടുപോയി. ചങ്കിൽകെട്ടി നിൽക്കുന്ന േവദനകൾക്കിടയിലും ആ മാതാപിതാക്കൾ പറഞ്ഞു, പൊന്നുമോെൻറ ആന്തരികാവയവങ്ങൾ ദാനം ചെയ്തോളാൻ. കണ്ണൂരിൽ നിന്ന് തുടങ്ങുന്ന ഇൗ സ്നേഹത്തിെൻറ ഗാഥ ഇങ്ങകലെ ഖത്തറിലാണ് എത്തുന്നത്. ഇരിട്ടി പേരാവൂർ ഉരുപ്പുംകുറ്റി കൊട്ടാരത്തിൽ ജോസിെൻറയും സിസിലിയുടെയും മകൻ ജോബിൻസ് ജോസഫ് (28) കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഖത്തറിലേക്ക് വരുന്നത്.
കോട്ടയം സ്വദേശി അനീഷിെൻറ ഉടമസ്ഥതയിൽ ദോഹയിലെ ബിൻമഹ്മൂദിൽ തുടങ്ങിയ ‘ഷെഫ് ഹൗസ്’ എന്ന റസ്റ്റോറൻറിലേക്കാണ് ജോലിക്കെത്തിയത്. കിട്ടുന്ന പണം നാട്ടിലേക്ക് അയച്ചുകൊടുത്ത് കുടുംബം കരപറ്റി വരുന്നതിനിടെയായിരുന്നു ദുരന്തം. രണ്ടുമാസം മുമ്പുണ്ടായ പക്ഷാഘാതം മൂലം ജോബിൻസ് കിടപ്പിലായി. ഹമദ് ആശുപത്രിയിലായിരുന്നു ചികിൽസ. റെസ്റ്റോറൻറ് ഉടമ അനീഷും സൂപ്പർവൈസറായ ജിൻസണുമാണ് ചികിൽസാകാര്യങ്ങൾ നോക്കിയത്. മൂന്നാഴ്ചകൾക്ക് മുമ്പ് ബോധം വീണ്ടെടുത്ത ജോബിൻസ് െചറുതായി ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു.
എന്നാൽ പൊടുന്നനെ നില വഷളായി. മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ഉറപ്പായതോടെയാണ് ഹമദ് ആശുപത്രി അധികൃതർ ജോബിൻസിെൻറ മാതാപിതാക്കളുമായി ബന്ധപ്പെട്ട് അവയവദാനത്തിന് സന്നദ്ധമാണോ എന്ന് അന്വേഷിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷെൻറ അവയവദാനകാമ്പയിെൻറ ഭാഗമായിരുന്നു ഇത്. ഇതോടെയാണ് തീരാവേദനക്കിടയിലും മാതാപിതാക്കൾ കരുണയുടെ മഹാമാതൃക തീർത്തത്. മകെൻറ അവയവങ്ങൾ ദാനം ചെയ്യാനായി അവരുടെ സമ്മതപത്രം വേണമായിരുന്നു. നാട്ടിൽ നിന്ന് എല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കിയുള്ള രേഖകൾ ഖത്തർ അധികൃതർക്ക് ലഭിച്ചു. തുടർന്ന് വൃക്കയും കരളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശേഷം, ബുധനാഴ്ച പുലർച്ചെയോടെ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു.
ഏതോ നാട്ടിലെ ഏതോ മനുഷ്യരുടെ ശരീരത്തിലൂടെ ജോബിൻസ് ഇനിയും ജീവിക്കും. ആ മനുഷ്യർ ജീവിതത്തിലേക്ക് തിരിെക നടക്കുേമ്പാൾ കണ്ണൂരിലെ വീട്ടിലിരുന്ന് മാതാപിതാക്കൾ ആശ്വസിക്കും. അത്താണിയായ മകൻ പോയതോടെ ജീവിതത്തിെൻറ പങ്കപ്പാടുകൾക്ക് മുന്നിൽ ഇൗ കുടുംബം പതറുകയാണ്. സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന് തന്നെയാണ് സഹപ്രവർത്തകരും കൂട്ടുകാരും പ്രതീക്ഷിക്കുന്നത്. മൃതദേഹം ഇന്ന് വൈകുന്നേരം 7.30നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിൽ നാട്ടിലെത്തിക്കും. റോബിൻസ് ആണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
