ഓട്ടോ ജൈറോ വിമാനം പണിതുടങ്ങി; കടലും തീരവും ആകാശനിരീക്ഷണത്തിൽ
text_fieldsഓട്ടോ ജൈറോ വിമാനം
ദോഹ: സമുദ്രത്തിലെയും തീര, സംരക്ഷിത മേഖലകളുടെയും നിരീക്ഷണത്തിനായി അവതരിപ്പിച്ച ഓട്ടോ ജൈറോ വിമാനം പണി തുടങ്ങി. ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിൽ തയാറാക്കിയ ചെറു നിരീക്ഷണ വിമാനമാണ് സമുദ്ര പരിസ്ഥിതി ആകാശ നിരീക്ഷണത്തിന് തുടക്കം കുറിച്ചത്. ഉമ്മുൽ ഷുഖൂത്ത് എയർഫീൽഡിൽനിന്ന് പറന്നുയർന്ന ശേഷം, സമുദ്ര, തീരപ്രദേശങ്ങൾ നിരീക്ഷിച്ചും ചിത്രങ്ങൾ ഒപ്പിയെടുത്തുമാണ് വിമാനം ജോലി തുടങ്ങിയത്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ പ്രദേശങ്ങൾ നിരീക്ഷിക്കാൻ സാധിക്കുംവിധത്തിലാണ് വിമാനത്തിന്റെ സേവനം. ഉയർന്ന നിലവാരമുള്ളതും വ്യക്തതയുള്ളതുമായ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഇവക്ക് കഴിയുന്നുണ്ട്. ഖത്തറിൽ ആദ്യമായാണ് ഓട്ടോജൈറോ എയർക്രാഫ്റ്റ് വഴി വ്യോമ പരിസ്ഥിതി നിരീക്ഷണം ആരംഭിക്കുന്നത്. രാജ്യത്തെ പ്രാദേശിക പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ആധുനിക സംവിധാനം വരുന്നത്.
ഓട്ടോ ജൈറോ എയർക്രാഫ്റ്റിൽ നിന്നും പകർത്തിയ കടലിന്റെയും തീരത്തിന്റെയും ദൃശ്യങ്ങൾ
സമുദ്ര-ഭൗമ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, കടലാമകളുടെ നിരീക്ഷണം, തീരസംരക്ഷണം, രാജ്യത്തെ സസ്യജാലങ്ങളെക്കുറിച്ച പഠനം, സമുദ്രജീവികളുടെ മരണനിരക്ക് നിരീക്ഷിക്കൽ, തീരദേശ മലിനീകരണം നിരീക്ഷിക്കൽ, ക്രഷറുകളുടെ പ്രവർത്തനം നിരീക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഈ സംവിധാനം ഏറെ സംഭാവന നൽകും.ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചുള്ള ബോധവത്കരണത്തിന് പുറമേ, അസാധാരണമായ താപനില പോയന്റുകൾ കണ്ടെത്തുന്നതിലൂടെ കാടുകൾ നിറഞ്ഞ മേഖലയിലെ അഗ്നിബാധ നേരത്തെ കണ്ടെത്താനുള്ള കഴിവും ഈ കുഞ്ഞുവിമാനത്തിനുണ്ട്.വിദൂര സംവേദനം, ഉയർന്ന റെസല്യൂഷ്യൻ കാമറകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ വിമാനത്തിലുണ്ട്. കൂടാതെ ഒരു അത്യാധുനിക വയർലെസ് കമ്യൂണിക്കേഷൻ സംവിധാനവുമുണ്ട്. ഇതിലൂടെ ഭൂമിയിലെ വിവിധ ഏജൻസികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സഹായിക്കുന്നു.മന്ത്രാലയത്തിന്റെ ഗ്രൗണ്ട് ടീമുകളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് പൈലറ്റിനൊപ്പം ഒരു പരിസ്ഥിതി നിരീക്ഷകനും വിമാനത്തിലുണ്ടായിരിക്കും. ലക്ഷ്യം വെക്കുന്ന സ്ഥലത്ത് എത്താതെ തന്നെ വളരെ ദൂരെ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പ്രാപ്തമാക്കുന്ന റിമോട്ട് സെൻസിങ് സംവിധാനം ഓട്ടോജൈറോയുടെ സവിശേഷതയാണ്. ഈ മാസം ആദ്യത്തിലാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈയുടെ സാന്നിധ്യത്തിൽ ഉമ്മുൽ ഷുഖൂത്ത് എയർഫീൽഡിൽ ഓട്ടോഗൈറോ എയർക്രാഫ്റ്റിന്റെ ലോഞ്ചിങ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

