സി.വി റപ്പായിയുടെ ആത്മകഥ 'സിദ്രയുടെ തണലിൽ' പ്രകാശനം ചെയ്തു
text_fieldsദോഹ: പ്രമുഖ പ്രവാസി വ്യവസായിയും ജംബോ ഇലക്‌ട്രോണിക്‌സ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി റപ്പായിയുടെ ആത്മകഥയുടെ മലയാള പരിഭാഷ 'സിദ്രയുടെ തണലിൽ' ദോഹയിൽ പ്രകാശനം ചെയ്തു. ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ഖത്തരി നോവലിസ്റ്റ് ഡോ. ഹുദ അൽ നഐമി, സിറിയൻ എഴുത്തുകാരൻ ഡോ. മൊഹിയുദ്ദീൻ ലാസികാനി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കതാറ പബ്ലിഷിങ് ഹൗസ് 2024-ൽ പുറത്തിറക്കിയ 'എ ടെയിൽ ഓഫ് ടു ജേർണീസ്' പുസ്തകത്തിന്റെ മലയാള പരിഭാഷ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഷിജു സുകുമാരൻ പരിഭാഷപെടുത്തിയ പുസ്തം എഡിറ്റ് ചെയ്തിരിക്കുന്നത് മുതിർന്ന മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദാണ്. സർഗ്ഗാത്മക കൂട്ടായ്മയായ 'ദി കാറ്റലിസ്റ്റ്' സംഘടിപ്പിച്ച ചടങ്ങിൽ പുസ്തക ചർച്ചയും എഴുത്തുകാരനുമായി വായനക്കാരുടെ സംവാദവും നടന്നു. നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്തു.
സി.വി റപ്പായിയുടെ ജീവിതകഥ ജനങ്ങൾക്ക് പ്രചോദനമേകുന്നതാണെന്ന് ഡോ. ഹുദ അൽ നഐമി അഭിപ്രായപ്പെട്ടു. 46 വർഷം മുമ്പ് ഖത്തറിലെത്തുകയും രാജ്യത്തിന്റെ വളർച്ചക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണെന്നും അദ്ദേഹത്തെപ്പോലുള്ള പ്രവാസികളുടെ വിജയം ഖത്തർ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തറിനോടും ഇവിടുത്തെ ഭരണാധികാരികളോടുമുള്ള കൃതജ്ഞത സൂചിപ്പിക്കാനാണ് മലയാള പതിപ്പിന് 'സിദ്രയുടെ തണലിൽ' എന്ന് പേരിട്ടതെന്ന് സി.വി റപ്പായി പറഞ്ഞു. ഖത്തറിന്റെ ദേശീയ വൃക്ഷമായ സിദ്ര, രാജ്യത്തിന്റെ നന്മയുടെയും സഹനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദി കാറ്റലിസ്റ്റ് പ്രസിഡന്റ് ഹുസൈൻ അഹമ്മദ് പുസ്തകത്തെ പരിചയപെടുത്തി. ചടങ്ങിൽ ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു, മുൻ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായിരുന്ന ഇ.എം. സുധീർ, മുൻ ലോക കേരള സഭ അംഗം അബ്‌ദുൽ റഊഫ് കൊണ്ടോട്ടി, എഫ്.സി.സി എക്‌സി. ഡയറക്ട്ടർ ഹബീബ് റഹ്മാൻ കിഴിശേരി തുടങ്ങിയവർ സാന്നിഹിതരായിരുന്നു. സി.വി റപ്പായിക്ക് ഹുദ അൽ നഐമിയും ഹുസൈൻ അഹമ്മദും ചേർന്ന് കാറ്റലിസ്റ്റിന്റെ സ്നേഹോപഹാരം നൽകി. ഷേർലി റപ്പായിയും നൗഫീറ ഹുസൈനും ചേർന്ന് ഹുദ അൽ നഐമിക്ക് ഉപഹാരം സമ്മാനിച്ചു. മേഘ്ന അവതാരകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

