‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ...’ വൈറൽ ഗാനത്തിന്റെ രചയിതാവ് ഇവിടെയുണ്ടേ
text_fieldsജി.പി. കുഞ്ഞബ്ദുല്ല
ദോഹ: തദ്ദേശ തെരഞ്ഞെടുപ്പ് റിസൾട്ട് പുറത്തുവന്നതിനു പിന്നാലെ യു.ഡി.എഫ് വിജയത്തിന്റെ ആഘോഷവും ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകളും അവലോകനങ്ങളും നാട്ടിൽ പൊടിപൊടിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’... എന്ന പാട്ടിന്റെ വരികൾ എഴുതിയയാളെ തെരയുകയാണ് സോഷ്യൽ മീഡിയ. യു.ഡി.എഫ് വിജയത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥും ഈ ഗാനം പാടി പങ്കുവെച്ചു. അതേസമയം, ഈ വരികൾ എഴുതിയയാളെക്കുറിച്ചോ പിന്നിൽ പ്രവർത്തിച്ചവരോ ആരാണെന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാൽ, ഈ വരികൾ എഴുതിയ ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറം ഖത്തറിലെ പ്രവാസികൾക്കിടയിൽ സുപരിചിതനാണ്. ബിസിനസ് സംരംഭവുമായി നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ അദ്ദേഹം കോഴിക്കോട് നാദാപുരം സ്വദേശിയാണ്. 600ഓളം പാട്ടുകൾ എഴുതിയ അദ്ദേഹം തന്റെ 120ഓളം മാപ്പിളപാട്ടുകളുടെ സമാഹാരമായ ‘വർണചരിത്രം എന്ന പുസ്തകവും ഒടുവിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.
ഓർമയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം ശബരിമല അടക്കം ജനവിരുദ്ധമായ ഇടതു സർക്കാറിന്റെ നയങ്ങൾക്കെതിരായ തിരിച്ചടിയാണെന്നും ആ നിലപാടുകൾ തിരുത്താൻ അവർ സന്നദ്ധമാകണമെന്നും ഇടതുപക്ഷക്കാർ തന്നെ പിണറായിസത്തിനെതിരെ രംഗത്തുവന്നെന്നും അദ്ദേഹം ഗൾഫ് മാധ്യമത്തോട് പങ്കുവെച്ചു. നാട്ടിൽനിന്ന് സുഹൃത്തുക്കളും ബന്ധുക്കളും തുടർച്ചയായി വിളിച്ച് സന്തോഷങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികൾക്കായി പാരഡി ഗാനങ്ങൾ പാർട്ടികളും മുന്നണികളും അവതരിപ്പിക്കാറുണ്ട്. നാട്ടിലെ വികസന നേട്ടങ്ങളും അഴിമതികൾ എന്നിവ അവതരിപ്പിച്ചും മുന്നണിയുടെയും സ്ഥാനാർഥിയുടെയും വാഗ്ദാനങ്ങൾ പറഞ്ഞും പുറത്തിറങ്ങുന്ന പാരഡി ഗാനങ്ങൾ വോട്ടർമാരിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അനൗൺസ്മെന്റ് വാഹനങ്ങളിലും സോഷ്യൽ മീഡിയകളിലൂടെയും ഇവ ജനങ്ങളിലെത്തിച്ച് ഓളമുണ്ടാക്കുകയാണ് സാധാരണ മുന്നണികൾ ചെയ്യാറുള്ളത്.
എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളക്കരായാകെ ഏറ്റുപാടിയ ഗാനമായിരുന്നു ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാറിനും സി.പി.എമ്മിനുമെതിരെ ഇറങ്ങിയ ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ...’ എന്ന ഗാനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റി സ്വർണം ചെമ്പാക്കി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വർണം കട്ടതെന്നും പറയുന്ന ഈ പാട്ട് സോഷ്യൽമീഡിയയിൽ നിരവധി പേരാണ് ഇപ്പോഴും ഷെയർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

