റമദാനിൽ വിശപ്പടക്കാൻ ഔഖാഫിന്റെ ഭക്ഷ്യകിറ്റ്
text_fieldsഔഖാഫ് ഇസ്ലാമിക മതകാര്യ വിഭാഗം ഉദ്യോഗസ്ഥർ റമദാൻ കിറ്റ് പദ്ധതി വിശദീകരിക്കുന്നു
ദോഹ: റമദാൻ മാസത്തിൽ രാജ്യത്തെ നിർധന കുടുംബങ്ങൾക്കും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഭക്ഷണമെത്തിക്കുന്നതിനുള്ള ‘ഗിവിങ് ബാസ്കറ്റ്’കാമ്പയിനുമായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ വഖഫ് ജനറൽ ഡയറക്ടറേറ്റ്. റമദാനിലെ എല്ലാ ആവശ്യങ്ങളും ഉൾപ്പെടുന്ന ഭക്ഷണ കിറ്റുകളാണ് മന്ത്രാലയം കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യുക. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇവയുടെ അളവിൽ വ്യത്യാസമുണ്ടാകും.
2022ലെ റമദാൻ മാസത്തിൽ ഖത്തറിലെ 4329 കുടുംബങ്ങളാണ് കാമ്പയിന്റെ ഗുണഭോക്താക്കളായത്. തുടർച്ചയായ നാലാം വർഷവും ഹിഫ്സ് അൽ നഅ്മ സെന്ററുമായി സഹകരിച്ചാണ് ഔഖാഫ് മന്ത്രാലയം നിരവധി പേർക്ക് ഗുണകരമാകുന്ന കാമ്പയിനുമായി രംഗത്തുവന്നത്.
നിർധന കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഭക്ഷണമെത്തിക്കുന്ന ഹിഫ്സ് അൽ നഅ്മ സെന്ററുമായി സഹകരിച്ച് കോവിഡ്-19 മഹാമാരിയുടെ തുടക്കത്തിൽ ഡയറക്ടറേറ്റ് ആരംഭിച്ച മുൻനിര സംരംഭങ്ങളിലൊന്നാണ് ഗിവിങ് ബാസ്കറ്റെന്ന് ഡയറക്ടർ ജനറൽ ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി പറഞ്ഞു.
ഈ വർഷവും ഗിവിങ് ബാസ്കറ്റ് കാമ്പയിൻ തുടരാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണെന്നും കാമ്പയിൻ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്തസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഹിഫ്സ് അൽ നഅ്മ സെന്റർ ഡയറക്ടർ എൻജി.അലി ആയ്ദ് അൽ ഖഹ്താനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും പങ്കെടുത്തു.
ഗിവിങ് ബാസ്കറ്റ് പദ്ധതിക്ക് എൻഡോവ്മെന്റ് ജനറൽ ഡയറക്ടറേറ്റിന്റെ പിന്തുണയെയും നിർധന കുടുംബങ്ങൾക്ക് ഭക്ഷണകൊട്ടകൾ എത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ സഹകരണത്തെയും അലി ബിൻ ആയ്ദ് അൽ ഖഹ്താനി പ്രശംസിച്ചു.
ഗുണഭോക്താക്കളുടെ ഹൃദയങ്ങളിൽ ഈ സംരംഭം വലിയ സ്വാധീനം ചെലുത്തിയതായും വിവിധ എൻഡോവ്മെന്റ് രീതികളിലൂടെ ഈ സംരംഭത്തിൽ പങ്കാളികളാകാനും സംഭാവന നൽകാനും ഉദാരമതികളും ജീവകാരുണ്യ പ്രവർത്തകരും മുന്നോട്ടുവരണമെന്നും അൽ ഖഹ്താനി അഭ്യാർഥിച്ചു.