ഫലസ്തീനുനേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം -മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ
text_fieldsമർയം ബിൻത് അബ്ദുല്ല അൽ അതിയ്യ
ദോഹ: ഫലസ്തീനിലെ സിവിലിയന്മാർക്കു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളും ഭക്ഷണമടക്കം അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതും ഉടൻ അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കുനേരെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച അവർ, 2023 ഒക്ടോബർ ഏഴു മുതൽ ഫലസ്തീനു നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയാണെന്നും പറഞ്ഞു.സിവിലിയന്മാർക്കുനേരെ നടത്തുന്ന തുടർച്ചയായ അതിക്രമങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും ലംഘനമാണ്. ഈ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 60,000ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിൽ 148,722ലധികം ആളുകൾക്കും വെസ്റ്റ് ബാങ്കിൽ അധിനിവേശത്തിലും ആക്രമണങ്ങളിലും 7,500 ലധികം സിവിലിയന്മാർക്കും പരിക്കേറ്റു.
ഇസ്രായേൽ നടത്തുന്ന അധിനിവേശവും ആക്രമണങ്ങളും ഗസ്സ മുനമ്പിനെ അത്യന്തം ഗുരുതരാവസ്ഥയിലെത്തിച്ചു. സിവിലിയന്മാരുടെ ജീവനോപാധിക്ക് അത്യന്താപേക്ഷിതമായ ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സംരക്ഷണം, താമസസൗകര്യം എന്നിവ ഇസ്രായേൽ മനഃപൂർവം നിഷേധിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഫലസ്തീനികളെ പട്ടിണിക്കിടുകയാണ്.ഭക്ഷ്യക്ഷാമം രൂക്ഷമായതും പോഷകാഹാരക്കുറവും മൂലം നിരവധി പേർ മരണപ്പെട്ടു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അടിയന്തരമായി ദുരിതാശ്വാസ സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട അവർ,ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്തു. ഈജിപ്തിന്റെയും യു.എസിന്റെയും സഹകരണത്തോടെ സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ സാധ്യമാക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്.ഗസ്സയിലെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ മാനുഷിക സാഹചര്യങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവ അന്താരാഷ്ട്ര സമൂഹം അവഗണിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകി. ഈ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ നടപടിയും അവർ ആവശ്യപ്പെട്ടു.ഇസ്രായേലിന്റെ ആക്രമണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മൗനംതന്നെ ഒരു കുറ്റകൃത്യമാണ്. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ തത്ത്വങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

