ഖാൻ യൂനുസ് മെഡിക്കൽ കോംപ്ലക്സിൽ ആക്രമണം; ഇസ്രായേൽ അധിനിവേശ സേനയുടെ കുറ്റകൃത്യങ്ങളുടെ തുടർച്ച'
text_fieldsആക്രമണത്തിൽ തകർന്ന കെട്ടിടം
ദോഹ: ഖാൻ യൂനുസിലെ അൽ നാസർ മെഡിക്കൽ കോംപ്ലക്സിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് ഖത്തർ. നിരപരാധികളായ സിവിലിയന്മാർ കൊല്ലപ്പെട്ട ഈ ആക്രമണം, ഫലസ്തീൻ ജനതയ്ക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ഹീനമായ കുറ്റകൃത്യങ്ങളുടെ തുടർച്ചയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
സിവിലിയന്മാർക്ക് ആവശ്യമായ സംരക്ഷണം നൽകണം. മേഖലയിൽ മാധ്യമപ്രവർത്തകരെയും ദുരിതാശ്വാസ -സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യം വെച്ചുള്ള അധിനിവേശ സേനയുടെ നടപടി അവസാനിപ്പിക്കണമെന്നും അതിക്രമങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അടിയന്തരമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിലെ ക്രൂരമായ വംശഹത്യകൾ അവസാനിപ്പിക്കുന്നതിനും മേഖലയിൽ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളിൽ സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. ഇതിന് അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും മന്ത്രാലയം ആവർത്തിച്ചു.
ഗസ്സ ഖാൻ യൂനുസിലെ അൽ നാസർ മെഡിക്കൽ കോംപ്ലക്സിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു മാധ്യമ പ്രവർത്തകർ അടക്കം 20 പേരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ആശുപത്രിക്കുമേൽ സൈന്യം നേരിട്ട് ബോംബിടുകയായിരുന്നു. രക്ഷാപ്രവർത്തകരും മറ്റു മാധ്യമപ്രവർത്തകരും ഉൾപ്പെടെ സ്ഥലത്തെത്തിയപ്പോൾ വീണ്ടും ബോംബിട്ടു. ഈ ആശുപത്രിയിൽ ഇതിനു മുമ്പും ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

