ആസ്പയർ സോൺ മൈതാനങ്ങൾക്ക് ഖത്തർ താരങ്ങളുടെ പേരുകൾ
text_fieldsആസ്പയർ സോൺ
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് വേദിയാകുന്ന അസ്പയർ സോണിലെ പിച്ചുകൾക്ക് ഖത്തറിലെ ഫുട്ബാൾ ഇതിഹാസ താരങ്ങളുടെ പേരുകളാൽ നാമകരണം ചെയ്തു. തിങ്കളാഴ്ച മുതൽ നവംബർ 27 വരെ അസ്പയർ സോണിലെ എട്ട് പിച്ചുകളിലായി ആകെ 103 മത്സരങ്ങളാണ് നടക്കുക. ഫൈനൽ മത്സരത്തിന് ഖലീഫ സ്റ്റേഡിയം വേദിയാകും. ഖത്തറിന്റെ ഫുട്ബാൾ ചരിത്രത്തെ സമ്പന്നമാക്കിയ മികച്ച ഫുട്ബാൾ താരങ്ങളുടെ പേരുകളാണ് പിച്ചുകൾക്ക് നൽകിയിരിക്കുന്നത്. പുതിയ തലമുറയിലെ യുവതാരങ്ങൾക്കും ആരാധകർക്കും പ്രചോദനമാകുന്നവരാണിത്.
പിച്ച് 1 - മുഹമ്മദ് ഗനിം
ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ താരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഗനിം. 1974ൽ കുവൈത്തിൽ നടന്ന മൂന്നാമത് ഗൾഫ് കപ്പിന്റെ മോസ്റ്റ് വാല്യുബ്ൾ പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രശസ്തിയിലേക്ക് ഉയർന്നു. അൽഅഹ് ലി എഫ്.സിയുടെ ഭാഗമായിരുന്ന മുഹമ്മദ് ഗനിം 1972ൽ അൽ റയ്യാനെതിരെ 6-1 ന് ടീമിനെ വിജയത്തിലേക്ക് നയിച്ച്, അമീർ കപ്പ് ട്രോഫി ഉയർത്തിയ ആദ്യ ക്യാപ്റ്റനായിരുന്നു.
പിച്ച് 2 - ഇബ്രാഹിം ഖൽഫാൻ
1981ലെ ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രദ്ധേയ പ്രകടനവുമായി ഇബ്രാഹിം ഖൽഫാൻ നിർണായക പങ്ക് വഹിച്ചു. ഖത്തരി ക്ലബായ അൽ അറബി 1977-79 വർഷങ്ങളിൽ തുടർച്ചയായി അമീർ കപ്പ് മുത്തമിട്ടപ്പോൾ മധ്യനിരയിലെ മാസ്റ്റർമൈൻഡായി ഖൽഫാൻ ഫുട്ബാൾ ലോകം അംഗീകരിച്ചു.
പിച്ച് 3 - ബദർ ബിലാൽ
മുൻ സ്ട്രൈക്കറും 1981ലെ ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ ഖത്തർ ടീമിലെ അംഗവുമായിരുന്നു ബദർ ബിലാൽ. 1988-89ലെ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് അൽ സദ്ദിനെ നയിക്കുന്നതിൽ നിർണായകമായ ബിലാൽ ടൂർണമെന്റിൽ നിരവധി ഗോളുകൾ നേടി.
പിച്ച് 4 - ഖാലിദ് സൽമാൻ
ഢപ്രമുഖരായ ഖത്തരി ഫുട്ബാൾ താരങ്ങളിൽ ഒരാളാണ് ഖാലിദ് സൽമാൻ. 1981ലെ ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ബ്രസീലിനെതിരെ അദ്ദേഹം നേടിയ ഹാട്രിക് ഗോളിലാണ് ഖത്തർ ഫൈനലിൽ പ്രവേശിക്കുന്നത്. 1984ലെ സമ്മർ ഒളിമ്പിക്സിൽ ഫ്രാൻസിനെതിരെ രണ്ട് ഗോളുകളും സൽമാൻ നേടിയിട്ടുണ്ട്. 1988 -89ൽ അൽ സദ്ദിന് ആദ്യത്തെ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചതും സൽമാനാണ്.
പിച്ച് 5 -ഖാലിദ് ബല്ലാൻ
-1970ൽ ബഹ്റൈനിൽ നടന്ന ഗൾഫ് കപ്പിൽ അരങ്ങേറ്റം കുറിച്ച ഖാലിദ് ബല്ലാൻ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 1970കളിലുടനീളം കളിച്ച അദ്ദേഹം, ഖത്തർ സ്പോർട്സ് ക്ലബിൽ കളിച്ചു.
പിച്ച് 7 - മൻസൂർ മുഫ്ത
മികച്ച അറബ് ഗോൾവേട്ടക്കാരിൽ ഒരാളായിരുന്ന മൻസൂർ മുഫ്ത, 1981-82, 1985-86 വർഷങ്ങളിൽ അറേബ്യൻ ഗോൾഡൻ ബൂട്ട് നേടി. അമീർ കപ്പിലും ശൈഖ് ജാസിം കപ്പിലും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിലൊരാളാണ്. വേഗവും മികവും കാരണം ദി ഫോക്സ് എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 324 മത്സരങ്ങളിൽ നിന്ന് 317 ഗോളുകൾ നേടി അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഖത്തർ സ്റ്റാർസ് ലീഗിലെ ടോപ് ഗോൾ സ്കോറർക്കുള്ള അവാർഡ് ‘മൻസൂർ മുഫ്താ അവാർഡ്’ എന്ന് പുനർനാമകരണം ചെയ്തിരുന്നു.
പിച്ച് 8 - മഹ്മൂദ് സൂഫി
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ചരിത്രത്തിൽ 20 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയ രാജ്യത്തെ മികച്ച ഗോൾവേട്ടക്കാരിലൊരാളാണ് പരേതനായ മഹ്മൂദ് സൂഫി. 1992ൽ ഖത്തറിന് ആദ്യമായി അറേബ്യൻ ഗൾഫ് കപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സൂഫി ഖത്തറിലെ നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.
പിച്ച് 9 - ആദിൽ മല്ലാല
വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ ഖത്തറിനെ പ്രതിനിധീകരിച്ച പ്രതിരോധ നിരയിലെ ആദിൽ മല്ലാല 1980കളിൽ അറബ്യൻ ഗൾഫ് കപ്പ്, സമ്മർ ഒളിമ്പിക്സ്, എ.എഫ്.സി ഏഷ്യൻ കപ്പ് എന്നിവയിൽ ഖത്തറിനുവേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.
ഇന്നത്തെ മത്സരങ്ങൾ
3:30 pm ബൊളീവിയ -ദക്ഷിണാഫ്രിക്ക (ഗ്രൂപ് എ)
3:30 pm കോസ്റ്റാറിക്ക -യു.എ.ഇ
(ഗ്രൂപ് സി)
4:00 pm സെനഗൽ -ക്രൊയേഷ്യ (ഗ്രൂപ് സി)
4:30 pm മൊറോക്കോ -ജപ്പാൻ
(ഗ്രൂപ് ബി)
5:45 pm അർജന്റീന -ബെൽജിയം (ഗ്രൂപ് ഡി)
6:15 pm പോർച്ചുഗൽ -ന്യൂ കാലിഡോണിയ (ഗ്രൂപ് ബി)
6:45 pm ഖത്തർ -ഇറ്റലി (ഗ്രൂപ് എ)
6:45 pm ടുണീഷ്യ -ഫിജി (ഗ്രൂപ് ഡി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

