Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോ​രാ​ട്ട​ത്തി​ന് വേ​ദി​യൊ​രു​ങ്ങി; കൗ​മാ​ര ഫു​ട്ബാ​ൾ മേ​ള​ക്ക് ഇ​നി 10 നാ​ളു​ക​ൾ, ഉത്സവ ആരവമൊരുക്കാൻ അസ്പയർ സോൺ

text_fields
bookmark_border
പോ​രാ​ട്ട​ത്തി​ന് വേ​ദി​യൊ​രു​ങ്ങി; കൗ​മാ​ര ഫു​ട്ബാ​ൾ മേ​ള​ക്ക് ഇ​നി 10 നാ​ളു​ക​ൾ, ഉത്സവ ആരവമൊരുക്കാൻ അസ്പയർ സോൺ
cancel

ദോഹ: ഫുട്ബാൾ പ്രേമികൾ ആവേശപൂർവ്വം കാത്തിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് ഇനി 10 ദിവസത്തെ കാത്തിരിപ്പ്. നവംബർ 19 മുതൽ ഡിസംബർ 13 വരെ കാൽപ്പന്ത് കളിയിലെ യുവ താരങ്ങൾ മാറ്റുരക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വമരുളും. ദോഹയിലെ പ്രശസ്തമായ അസ്പയർ സോൺ കോംപറ്റീഷൻ കോംപ്ലക്സിൽ ഗ്രൂപ്പ് ഘട്ടം മുതലുള്ള മത്സരങ്ങൾ നടക്കും. കലാശപ്പോരാട്ടത്തിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. കഴിഞ്ഞ വർഷം തുടക്കം കുറിച്ച 48 ടീമുകളുടെ ഫോർമാറ്റിലാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക.

കൗമാര ഫുട്ബാളിലെ ശക്തികളായ അർജന്റീന, ബ്രസീൽ, ഇറ്റലി, മൊറോക്കോ, ജപ്പാൻ തുടങ്ങിയ ടീമുകൾ വീണ്ടും ദോഹയിലേക്ക് എത്തുമ്പോൾ ആവേശം വാനോളമുയരും. അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ആസ്പയർ സോണിലെ എട്ട് പിച്ചുകളിൽ, 25 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുന്നത്. യോഗ്യത നേടിയ രാജ്യങ്ങളെ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ആവേശം നിറഞ്ഞ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം എട്ട് മത്സരങ്ങൾ വരെ നടക്കും. 48 ടീമുകൾ ആദ്യമായി പങ്കെടുത്ത 2025ലെ ശ്രദ്ധേയമായ ടൂർണമെന്റിനും ഖത്തർ തന്നെയാണ് വേദിയായത്. കഴിഞ്ഞവർഷം ഖലീഫ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിനൊടുവിൽ പോർച്ചുഗൽ ആണ് കിരീടമുയർത്തിയത്.

1985ൽ ചൈനയിൽ തുടങ്ങിയ കൗമാര ലോകകപ്പിന് 2017ൽ ഇന്ത്യയും വേദിയൊരുക്കിയിരുന്നു. 2013ൽ യു.എ.ഇ ആതിഥേയത്വം ഒരുക്കി ആദ്യ ഗൾഫ് രാജ്യമായി മാറി. എന്നാൽ, ഖത്തറിനെ തേടി കൗമാര മേളയെത്തുന്നത് കഴിഞ്ഞവർഷമാണ്. തുടർന്ന് 2029 വരെ തുടർച്ചയായി ഖത്തർ തന്നെയാകും ഫിഫ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വമരുളുക. അഞ്ചു തവണ കിരീടമണിഞ്ഞ നൈജീരിയയും നാലു തവണ കിരീടമണിഞ്ഞ ബ്രസീലുമാണ് കൗമാര ഫുട്ബാളിലെ സൂപ്പർ ജയന്റ്സ്.

നാളെയുടെ ഫുട്ബാൾ താരങ്ങൾക്കായി ആതിഥേയ മണ്ണ് നേരത്തെ ഒരുങ്ങിക്കഴിഞ്ഞു. ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. സ്റ്റേഡിയങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, പരിശീലന മൈതാനങ്ങൾ, താമസത്തിനുള്ള ഹോട്ടലുകളും മെട്രോ ഉൾപ്പെടെ യാത്രാ സൗകര്യങ്ങളും...അങ്ങനെ സർവസജ്ജമായ രാജ്യത്തെ കായിക സൗകര്യങ്ങൾ വീണ്ടും കൗമാര മേളയിലൂടെ ഉപയോഗപ്പെടുത്താൻ സാധിക്കും. ആസ്പയർ സോണിൽ സജ്ജീകരിക്കുന്ന ഫാൻ സോണിൽ നിരവധി സാംസ്കാരിക പരിപാടികളും ഒരുക്കും.

വേദിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുകയും കൂടാതെ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങളും ടിക്കറ്റുകളും www.roadtoqatar.qa എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aspire Zone
Next Story