റമദാൻ സ്പോർട്സുമായി ആസ്പയർ
text_fieldsദോഹ: വിശുദ്ധ റമദാനെ വരവേൽക്കാനായി ലോകമെങ്ങുമുള്ള വിശ്വാസി സമൂഹം ഒരുങ്ങുന്നതിനിടെ, റമദാനിലെ രാത്രികാലങ്ങളിൽ വിനോദം കൂടി സമ്മാനിക്കുന്ന സ്പോർട്സ് ഫെസ്റ്റും വരുന്നു. ആസ്പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റമദാൻ സ്പോർട്സ് ഫെസ്റ്റിവൽ മാർച്ച് 28 മുതൽ ഏപ്രിൽ എട്ടു വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
12 ദിവസങ്ങളിലായി എട്ട് ഇനങ്ങളിൽ കായിക മത്സരങ്ങൾ അരങ്ങേറും. എല്ലാ റമദാനിലുമായി നടക്കുന്ന സ്പോർട്സ് ഫെസ്റ്റിന്റെ ഒമ്പതാം പതിപ്പിനാണ് ഇത്തവണ ആസ്പയർ വേദിയാകുന്നത്. വ്രതവും പ്രാർഥനയുമായി പൂർത്തിയാകുന്ന മാസത്തിനൊപ്പം ചുരുങ്ങിയ സമയം കായിക വിനോദത്തിനും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമാണ് ആസ്പയർ റമദാൻ സ്പോർട്സ്.
പുരുഷ വിഭാഗത്തിൽ 4-4 ഫുട്ബാൾ, ഫുട്ബാൾ ടീം, ബാസ്കറ്റ്ബാൾ, വനിതകൾക്കായി വോളിബാൾ, ഫുട്സാൽ, ബാസ്കറ്റ്ബാൾ എന്നീ ടീം ഇനങ്ങളിലെ മത്സരങ്ങളാണുള്ളത്. താൽപര്യമുള്ളവർക്ക് ആസ്പയർ സോൺ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

