ആസ്പയർ പ്രസിഡന്റ് ഹിലാൽ അൽ കുവാരി ഇനി ഓർമ
text_fieldsഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം ഉദ്ഘാടന വേളയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം ഹിലാൽ ബിൻ ജഹാം അൽ കുവാരി. ഇൻസെറ്റിൽ: ഹിലാൽ ബിൻ ജഹാം അൽ കുവാരി
ദോഹ: ആസ്പയർ സോൺ ഫൗണ്ടേഷൻ പ്രസിഡന്റും ഖത്തറിന്റെ കായികവളർച്ചക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിത്വവുമായ എൻജിനീയർ ഹിലാൽ ബിൻ ജഹാം അൽ കുവാരി അന്തരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകുന്നേരത്തോടെ മൃതദേഹം മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു. ആസ്പയർ സോൺ ഫൗണ്ടേഷൻ മരണ വിവരം പുറത്തുവിട്ടതിനുപിന്നാലെ, സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് അനുശോചനം പങ്കുവെച്ചത്. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ആദരാഞ്ജലിയർപ്പിച്ചു.
ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡന്റും സഹമന്ത്രിയുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി ഉൾപ്പെടെ നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിൽ അനുശോചനം അറിയിച്ചു. രാജ്യത്തിനും പ്രവര്ത്തനമേഖലക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഹിലാൽ ബിൻ ജഹാമെന്ന് സന്ദേശത്തിൽ പറഞ്ഞു. ഖത്തർ വേദിയാവാൻ ഒരുങ്ങുന്ന ലോകകപ്പിനും ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോകവേദികളിലെ നേട്ടങ്ങൾക്കും അടിത്തറയിട്ട് വളർത്തി വലുതാക്കിയ ധിഷണാശാലിയായാണ് എൻജിനീയർ ഹിലാൽ ബിൻ ജഹാം അൽ കുവാരിയെ വിശേഷിപ്പിക്കുന്നത്.
കായികസ്വപ്നങ്ങൾക്ക് അടിത്തറയിട്ട പ്രതിഭ
ഹിലാൽ ബിൻ ജഹാമിന്റെ നിര്യാണവാർത്തക്ക് പിന്നാലെ സമൂഹമാധ്യമങ്ങൾ പങ്കുവെക്കപ്പെട്ടത് 2017 മേയിൽ ലോകകപ്പിനായി ഒരുങ്ങിയ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വിഡിയോ ആയിരുന്നു. ഉദ്ഘാടകനായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റിബൺ മുറിക്കാനായി അരികിലുണ്ടായിരുന്ന ഹിലാൽ ബിൻ ജഹാമിനെയും ക്ഷണിക്കുന്ന ദൃശ്യം. ഒഴിഞ്ഞുമാറാൻ ശ്രമിച്ച അദ്ദേഹത്തെ അമീർ കൈപിടിച്ചുകൊണ്ട് റിബണിൽ ഒരു കൈവെക്കാൻ നിർദേശിക്കുന്ന ഹൃദ്യമായ വിഡിയോയിലുണ്ട് ഖത്തറിന്റെ കായിക ലോകത്തെ ഓരോ ചുവടുവെപ്പിലും ഹിലാൽ ബിൻ ജഹാമിന്റെ സംഭാവനകൾക്കുള്ള ആദരവ്. ഡെപ്യൂട്ടി അമീർ, ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ, മറ്റു രാഷ്ട്രനേതാക്കൾ ഉൾപ്പെടെ വിശിഷ്ടാതിഥികൾ അണിനിരന്ന വേദിയിലായിരുന്നു അമീർ രാജ്യത്തിന്റെ കായികസ്വപ്നങ്ങൾക്ക് അടിത്തറയിടുന്നതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹത്തെ ആദരിച്ചത്.
ഖത്തർ വേദിയായ കായികമേളകൾക്കും നിരവധി കായിക സ്ഥാപനങ്ങളിലുമെല്ലാമുണ്ടായിരുന്നു ഹിലാൽ ബിൻ ജഹാമിന്റെ കൈയൊപ്പുകൾ. ഭാവി കായിക ഖത്തറിന്റെ തലയെടുപ്പായ ആസ്പയര് സോണ്‍ എന്നറിയപ്പെടുന്ന സ്പോര്‍ട്സ് സിറ്റിയുടെ നിർമാണവും വികസനവുമെല്ലാം ഇദ്ദേഹത്തിന്റെ ചിന്തകളിൽനിന്നായിരുന്നു. 2006ൽ ഖത്തർ ആതിഥേയത്വം വഹിച്ച 15ാമത് ഏഷ്യന്‍ ഗെയിംസിനായുള്ള അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള ആസൂത്രണ കാര്യങ്ങളും ഹിലാൽ അൽ കുവാരിയുടെ നേതൃത്വത്തിലായിരുന്നു നടന്നത്.
രാജ്യത്തെ ചാമ്പ്യൻ ക്ലബായ അല്‍ സദ്ദ് കായിക ക്ലബില്‍ നൂതന കൂളിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന പദ്ധതിയിലുള്‍പ്പെടെ ഖത്തറിന്റെ കായിക ക്ലബുകളുടെ വികസനത്തിന് കാരണമായ വൈവിധ്യമായ നിരവധി പദ്ധതികളിലും പങ്കാളിയായി. ഖത്തര്‍ പെട്രോളിയം, റാസ് ഗാസ് സിറ്റി എന്നിവിടങ്ങളിലെ സീനിയര്‍ മാനേജ്മെന്റ് പദവികളില്‍നിന്നാണ് ആസ്പയര് സോണ്‍ ഫൗണ്ടേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.
2009ല്‍ ഖത്തറിലെ ഏറ്റവും മികച്ച എന്‍ജിനീയര്‍ക്കുള്ള പുരസ്കാരവും ലഭിച്ചു.ആസ്പയര് സോണ്‍ ഫൗണ്ടേഷന്റെ ചുമതലകള്‍ക്ക് പുറമെ പൊതുമരാമത്ത് അതോറിറ്റി, 2022 ഫിഫ ലോകകപ്പ് ഖത്തര്‍ എന്നിവയുടെ ജനറല്‍ ടെന്‍ഡര്‍ കമ്മിറ്റികളിലും ഖത്തര്‍ സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റിയിലും സജീവ അംഗമായിരുന്നു. കത്താറ കള്‍ചറല്‍ വില്ലേജ്, സല്‍വ ഇന്റര്‍നാഷനല്‍ ഹൈവേ ഡെവലപ്മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളുടെ ആസൂത്രണ-പ്രവര്‍ത്തന മേഖലകളിലും പങ്കാളിയായി. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ടെക്നിക്കല്‍ ഓഫിസ് മേധാവി കൂടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

