യൂത്ത് ഏഷ്യൻ കപ്പിലും സേവനവുമായി അസ്പെറ്റാർ
text_fieldsആസ്പെറ്റാർ മെഡിക്കൽ സംഘം ഏഷ്യൻ കപ്പ് മത്സരത്തിനിടെ
ദോഹ: ഖത്തർ വേദിയായ എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പ് ടൂർണമെന്റിൽ ലോകോത്തര മെഡിക്കൽ പരിചരണം ലഭ്യമാക്കി ദോഹയിലെ അസ്പെറ്റാർ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രി. അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്പോർട്സ് മെഡിസിൻ സൗകര്യം എന്നനിലയിൽ അന്താരാഷ്ട്രതലത്തിൽ ഏറെ പ്രശസ്തിയാർജിച്ച സ്ഥാപനമായ അസ്പെറ്റാറും പ്രാദേശിക സംഘാടക സമിതിയും (എൽ.ഒ.സി) ധാരണയുടെ ഭാഗമായാണ് അത്ലറ്റുകൾക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കിയത്.
സ്റ്റേഡിയങ്ങളിൽ മത്സരസമയങ്ങളിൽ വിന്യസിക്കപ്പെട്ട അസ്പെറ്റാർ സംഘം മത്സരത്തിനിടെ സംഭവിക്കുന്ന പരിക്കുകളിലും മറ്റ് രോഗാവസ്ഥകളിലും വിദഗ്ധ ചികിത്സയും മാർഗനിർദേശങ്ങളും നൽകി. ടൂർണമെന്റുമായി ബന്ധപ്പെട്ട എല്ലാ വേദികളിലും പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് അടിയന്തര ചികിത്സയും ആംബുലൻസ് സേവനവും നൽകാനും മുന്നിലുണ്ടായിരുന്നു.
അണ്ടർ-23 ഏഷ്യൻ കപ്പ് പോലുള്ള ടൂർണമെന്റുകളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് സ്പോർട്സ് മെഡിസിൻ മേഖലയിലെ ആഗോള മുൻനിര സ്ഥാപനങ്ങളിലൊന്നായ അസ്പെറ്റാറിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയതാണെന്ന് എൽ.ഒ.സി കമ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിങ് വിഭാഗം തലവൻ ഹസൻ അൽ കുവാരി പറഞ്ഞു.
അസ്പെറ്റാറുമായുള്ള സഹകരണത്തിലൂടെ ഏഷ്യൻ ഫുട്ബാളിന്റെ ഭാവിതാരങ്ങൾക്ക് ലഭ്യമായതിൽവെച്ച് ഏറ്റവും മികച്ച ചികിത്സയും വൈദ്യസഹായവും ലഭ്യമാക്കാൻ സാധിച്ചതായും മുൻനിര കായിക ഹബ്ബ് എന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുവെന്നും അൽ കുവാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

