എൽബ്രസിന് മുകളിൽനിന്ന് അസ്മ ആൽഥാനി കുറിച്ചു, 'ഹലോ... ഫ്രം ദ ടോപ് ഓഫ് യൂറോപ്'
text_fieldsദോഹ: 5642 മീറ്റർ ഉയരെ, യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയിൽ ഖത്തറിെൻറ ദേശീയപതാക നാട്ടി െശെഖ അസ്മ ആൽഥാനി ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു -ഹലോ ഫ്രം ദ ടോപ് ഓഫ് യൂറോപ്'. ഉയരങ്ങൾ കാൽചുവട്ടിലാക്കുന്നത് പതിവാക്കിയ ഖത്തരി യുവതി, കഴിഞ്ഞദിവസമാണ് യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി ചരിത്രം കുറിച്ചത്. റഷ്യയിലെ കകാസസ് മലനിരകളിൽ മഞ്ഞുവിരിച്ച് സഞ്ചാരികളെ ആകർഷിച്ച് നിൽക്കുന്ന എൽബ്രസ് കൊടുമുടി മേഖലയിലെ പ്രധാന അഗ്നിപർവതംകൂടിയാണ്.
സാഹസികതകൾ ശീലമാക്കിയ ശൈഖ അസ്മ ആൽഥാനി, ലോകത്തെ ഏഴ് വലിയ കൊടുമുടികളും കീഴടക്കി ഗ്രാൻഡ്സ്ലാം ചലഞ്ച് പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് മൗണ്ട് എൽബ്രസിലെത്തിയത്. എവറസ്റ്റ്, അകൊൻകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, വിൻസോൺ, പുൻക ജയ, മൗണ്ട് എൽബ്രസ് എന്നിവ കീഴടക്കി ഉത്തര -ദക്ഷിണ ധ്രുവങ്ങളിലൂടെ സഞ്ചാരം പൂർത്തിയാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഈ വർഷാദ്യം എവറസ്റ്റ് കൊടുമുടി കാൽകീഴിലാക്കാനായി പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷ്യത്തിൽനിന്നും പിന്മാറുകയായിരുന്നു. ഇതിനിടെ, 2019ൽ അർജൻറീനയിലെ അകൊൻകാഗ്വയും 2014ൽ കിളിമഞ്ചാരോയും കീഴടക്കിയ അസ്മ ആൽഥാനി, 2018ൽ യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തി. ഇനി എവറസ്റ്റാണ് ഖത്തർ ഒളിമ്പിക് കമ്മിറ്റി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ കൂടിയായ ശൈഖ അസ്മ ആൽഥാനിയുടെ ലക്ഷ്യം.
'ലോകത്തെ പ്രധാന കൊടുമുടികളിലേക്ക് ഈവർഷം നടത്തേണ്ട യാത്രയുടെ തയാറെടുപ്പിലായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി. പക്ഷേ, ഈ വർഷം പ്രതീക്ഷിച്ചപോലെയായില്ല. തിരിച്ചടികൾ ഏറെയുണ്ടായി. അത് അംഗീകരിച്ചേ പറ്റൂ. ജയമോ പരാജയമോ എന്നത് പ്രസക്തമല്ല. ഒരിക്കലും കീഴടങ്ങില്ല എന്നതാണ് കാര്യം' -ശൈഖ അസ്മ ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.