ഏഷ്യൻ സീനിയർ വോളി: ഇന്ത്യയെ വീഴ്ത്തി ഖത്തറിന്റെ കുതിപ്പ്
text_fieldsദോഹ: ഇറാനിലെ ഉർമിയയിൽ നടക്കുന്ന ഏഷ്യൻ സീനിയർ വോളി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ വീഴ്ത്തി ഖത്തറിന്റെ കുതിപ്പ്. പൂൾ ‘ഇ’യിലെ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്കായിരുന്നു ഖത്തർ ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യൻ സൂപ്പർ താരങ്ങളായ ജെറോം വിനീത്, മുത്തുസാമി ഉൾപ്പെടെയുള്ളവർ അണിനിരന്ന ടീം ഖത്തറിന്റെ തകർപ്പൻ ആക്രമണത്തിന് മുന്നിൽ കാര്യമായ ചെറുത്തുനിൽപില്ലാതെ കീഴടങ്ങി. സ്കോർ: 25-20, 25-19, 25-19. റൈമി വാദിയും യൂസുഫ് ഉഗാൽഫും നയിച്ച ആക്രമണത്തിൽ തുടക്കം മുതൽ തന്നെ ഖത്തർ ഇന്ത്യൻ കോർട്ടിലേക്ക് പോയന്റുകൾ വർഷിച്ചു. മൂന്നാം സെറ്റിൽ ശക്തമായ ഡിഫൻസ് തന്ത്രത്തിന് ഇന്ത്യ ശ്രമിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. ഞായറാഴ്ച രാവിലെ പൂളിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെയും വീഴ്ത്തിയ ഖത്തർ ഫൈനൽ ട്വൽവ് റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചു. സ്കോർ: 25-19, 25-16, 25-19.

