ആയിരങ്ങൾക്ക് ആശ്വാസമായി ഏഷ്യൻ മെഡിക്കൽ ക്യാമ്പ്
text_fields19ാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ പി.എച്ച്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സംയ അഹമ്മദ് അൽ അബ്ദുള്ള നിർവഹിക്കുന്നു
ദോഹ: തൊഴിലാളികൾക്കും കുറഞ്ഞ വേതനക്കാർക്കും ആശ്വാസമായി ഏഷ്യൻ മെഡിക്കൽ ക്യാമ്പിന് പ്രൗഢഗംഭീരമായ തുടക്കം. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 19ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ പി.എച്ച്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സംയ അഹമ്മദ് അൽ അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു.
രാവിലെ ഏഴു മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം ആറ് വരെ തുടരും. ഇന്ത്യക്കാർക്ക് പുറമെ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് ഉൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാർക്ക് ആരോഗ്യ പരിശോധനയും, ചികിത്സയും മരുന്നും ഉൾപ്പെടെ സൗകര്യങ്ങളോടെയാണ് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചത്.
അടിസ്ഥാന ആരോഗ്യ പരിശോധന മുതൽ വിവിധ സ്‍പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ വരെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്. കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറാപ്പി, ഓഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്‌കാനിംഗ്, ഇ.സി.ജി, ഓഡിയോമെട്രി, ഓഫ്താല്‍മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. രാവിലെ ആരംഭിച്ച ക്യാമ്പിൽ ആയിരക്കണക്കിന് പ്രവാസികളാണ് എത്തിയത്. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബിന് പുറമെ, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്), ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ക്യാമ്പ് വൈസ് ചെയർമാൻ കെ.സി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫുർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ഉമ്മു അൽ സനീം ഹെൽത്ത് സെന്റർ ഡയറക്ടർ ഡോ. അംന അബ്ദുറഹീം അൽ അൻസാരി, ഖത്തറിലെ നേപ്പാൾ അംബാസഡർ ഡോ. നരേഷ് ബിക്രം ദകൽ, ശ്രീലങ്കൻ അംബാസഡർ മഫാസ് മുഹിദ്ദീൻ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ പി.പി അബ്ദുൽ റഹീം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

