സംഘാടനം പ്രശംസനീയം -ഡോ. സാമിയ അഹമ്മദ്
text_fieldsഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടന വേദിയിൽ
ഡോ. സാമിയ അഹമ്മദ് അൽ അബ്ദുല്ല സംസാരിക്കുന്നു
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും പി.എച്ച്.സി.സിയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് ഏഷ്യൻ കമ്യൂണിറ്റിയുടെ ആരോഗ്യ പരിചരണത്തിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും സുഗമമായ മാർഗങ്ങളിലൊന്നാണ് ഏഷ്യൻ മെഡിക്കൽ ക്യാമ്പെന്ന് പി.എച്ച്.സി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സാമിയ അഹമ്മദ് അൽ അബ്ദുള്ള പറഞ്ഞു. 19ാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
പരിശോധന നടത്തി രോഗങ്ങൾ നേരത്തേ കണ്ടെത്താനും ആവശ്യമായ ചികിത്സയിലൂടെ ശമനം തേടാനും ഇത്തരം ക്യാമ്പുകൾക്ക് കഴിയും.രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ ഫലപ്രദമായത് പ്രതിരോധമാണ്. ഏറ്റവും മികച്ച സംഘാടനത്തിലൂടെ ശ്രദ്ധേയമായ ഏഷ്യൻ മെഡിക്കൽ ക്യാമ്പ് അഭിനന്ദനീയമാണെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സി.ഐ.സി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്, ആരോഗ്യ പ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു. ‘ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് ഖത്തറിന്റേത്. കോവിഡ് പ്രതിരോധത്തിലും ലോകകപ്പ് പോലൊരു വലിയ കായിക മേളയുടെ സംഘാടനത്തിലും ഖത്തറിന്റെ ആരോഗ്യ മേഖലയിലെ മികവ് ലോകം അംഗീകരിച്ചുകഴിഞ്ഞു’ -ഡോ. ഡോ. സാമിയ അഹമ്മദ് അൽ അബ്ദുള്ള പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ ക്യാമ്പിനെ വിജയകരമായി സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ച ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, വളന്റിയർമാർ എന്നിവരുടെ സേവനത്തെ ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂർ അഭിനന്ദിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം ഉൾപ്പെടെ ഖത്തർ സർക്കാറിൽ നിന്നുള്ള ഏറ്റവും മികച്ച പിന്തുണയും ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ഉൾപ്പെടെ വിവിധ ആരോഗ്യ സംഘടനകളുടെ പങ്കാളിത്തവുമാണ് ക്യാമ്പിനെ ഓരോ വർഷവും വിജയകരമാക്കുന്നതെന്ന് വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

