ഏഷ്യൻ ഗെയിംസ്; ഖത്തറിന് മൂന്നാം സ്വർണനേട്ടം
text_fields400 മീറ്റർ ഹർഡിൽസിൽ ഖത്തറിന്റെ ബസ്സാം ഹമൈദ
മത്സരിക്കുന്നു
ദോഹ/ നഗോയ: ജപ്പാനിൽ നടക്കുന്ന 20-ാമത് ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഖത്തറിന് വീണ്ടും സ്വർണ്ണത്തിളക്കം. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഖത്തറിന്റെ ബസ്സാം ഹമൈദയാണ് രാജ്യത്തിനായി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. വാശിയേറിയ ഫൈനലിൽ ജപ്പാന്റെ തൈഗോ ഗോതോയെ മറികടന്നാണ് 26കാരനായ ഹമൈദ ഒന്നാമതെത്തിയത്. 47.82 സെക്കൻഡിലാണ് ഖത്തർ താരം ഫിനിഷ് ചെയ്തത്.
47.93 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജപ്പാന്റെ തൈഗോ ഗോതോ വെള്ളിയും, 48.74 സെക്കൻഡിൽ ഓടിയെത്തിയ തായ്ലൻഡിന്റെ ചുങ് വെയ് ലിൻ വെങ്കലവും നേടി. 2023 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലും ഹമൈദ സ്വന്തമാക്കിയിട്ടുണ്ട്. ബസ്സാം ഹമൈദയുടെ സ്വർണ്ണത്തോടെ ടൂർണമെന്റിൽ ഖത്തറിന്റെ ആകെ സ്വർണ്ണനേട്ടം മൂന്നായി ഉയർന്നു.
ഷൂട്ടിംഗിൽ പുരുഷന്മാരുടെ സ്കീറ്റ് വ്യക്തിഗത ഇനത്തിൽ റാഷിദ് അൽ അഥ്ബയും, പുരുഷന്മാരുടെ സ്കീറ്റ് ടീമുമാണ് ഖത്തറിനായി നേരത്തെ സ്വർണം നേടിയത്. ഇന്നലെ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഖത്തർ വെള്ളിയും, 800 മീറ്റർ ഓട്ടത്തിൽ അബൂബക്കർ അബ്ദുല്ല വെങ്കലവും സ്വന്തമാക്കി. ഇതോടെ അഞ്ച് വെള്ളിയും നാല് വെങ്കലവും അടക്കം ആകെ ഖത്തറിന്റെ മെഡൽ നേട്ടം 12 ലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

