ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഖത്തറിന് ഇരട്ട സ്വർണം
text_fieldsസ്വർണം നേടിയ പുരുഷൻമാരുടെ ഷൂട്ടിങ് ടീം ഏഷ്യൻ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന് ബിന് ഹമദ് ആൽഥാനിയോടൊപ്പം
നഗോയ /ദോഹ: ജപ്പാനിലെ ഐച്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് പുരുഷൻമാരുടെ ഷൂട്ടിങ് മത്സരത്തിൽ ഖത്തറിന് ഇരട്ട സ്വർണം. സ്കീറ്റ് ടീം വിഭാഗത്തിൽ നാസർ അൽ അതിയ്യ അടങ്ങുന്ന സംഘം സ്വർണം നേടിയപ്പോൾ വ്യക്തിഗത വിഭാഗത്തിൽ റാഷിദ് സാലിഹ് അൽ അഥ്ബയും സ്വർണം സ്വന്തമാക്കി. ഇതോടെ രണ്ട് സ്വർണവും ഒരു വെള്ളിയും വെങ്കലവും അടക്കം ഖത്തറിന്റെ ആകെ മെഡൽ നേട്ടം നാലായി.
റാഷിദ് സാലിഹ് അൽ അഥ്ബ, നാസർ സാലിഹ് അൽ അതിയ്യ, അലി ഇഷാഖ് എന്നിവരടങ്ങുന്ന ഖത്തരി ടീമാണ് രാജ്യത്തിനായി ആദ്യ സ്വർണം സ്വന്തമാക്കിയത്. 353 പോയന്റുകൾ നേടിയാണ് ഖത്തർ ഒന്നാമതെത്തിയത്. 348 പോയന്റുകളോടെ കുവൈത്ത് വെള്ളിയും 346 പോയന്റുകളോടെ ഇന്ത്യ വെങ്കലവും നേടി.
ടീം ഇനത്തിലെ മിന്നുന്ന വിജയത്തിന് പിന്നാലെ, വ്യക്തിഗത സ്കീറ്റ് ഷൂട്ടിങ്ങിൽ റാഷിദ് സാലിഹ് അൽ അഥ്ബ ഖത്തറിന്റെ രണ്ടാം സ്വർണ്ണവും സ്വന്തമാക്കി. ഫൈനൽ റൗണ്ടിൽ 34 ടാർഗെറ്റുകൾ ലക്ഷ്യത്തിലെത്തിച്ച അൽ അഥ്ബ, ഏഷ്യൻ റെക്കോർഡോടെയാണ് ചരിത്രനേട്ടം കൈവരിച്ചത്. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ ഖത്തർ ഷൂട്ടിങ് താരങ്ങൾ കൈവരിച്ച ചരിത്ര നേട്ടം കഠിനാധ്വാനത്തിന്റെയും കായിക രംഗത്ത് രാജ്യം കൈവരിക്കുന്ന വളർച്ചയുടെയും തെളിവാണ്. സ്കീറ്റ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണ്ണ മെഡലുകൾ നേടിയത് ഖത്തറിന്റെ ഷൂട്ടിങ് രംഗത്തിനും കായിക മേഖലക്കും സുപ്രധാന നാഴികക്കല്ലാണെന്ന് ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി ഫെഡറേഷൻ പ്രസിഡന്റ് ഡോ. മിഷാൽ അൽ നസർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

