ഏഷ്യൻ കപ്പ് ഫുട്ബാൾ: ഖത്തറിന് കുതിച്ചു തുടങ്ങാം
text_fields2019 ഏഷ്യൻ കപ്പ് കിരീടം നേടിയ ഖത്തർ ടീമിന്റെ ആഹ്ലാദം (ഫയൽ ചിത്രം)
നിലവിലെ ചാമ്പ്യന്മാരും ആതിഥേയരും എന്ന പകിട്ടോടെ തുടക്കം കുറിക്കുന്ന ഖത്തറിന് 2024 ജനുവരി 12ന് കുതിപ്പോടെ തുടങ്ങാം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്ന ടൂർണമെന്റിൽ ആതിഥേയരുടെ ആദ്യ മത്സരം ഗ്രൂപ്പിലെ ദുർബലരായ ലബനാനെതിരെയാവും. പിന്നാലെ, 18ന് തജികിസ്താൻ, 24ന് ചൈന എന്നിവരാണ് ഖത്തറിന്റെ എതിരാളികൾ.
കഴിഞ്ഞ ലോകകപ്പിൽ ഒരു ജയവുമില്ലാതെ പുറത്തായതിന്റെ നിരാശയെല്ലാം ഏഷ്യൻ കപ്പിൽ കിരീടം നിലനിർത്തി മായ്ക്കാനാവും ഖത്തറിന്റെ ശ്രമം. പുതിയ പരിശീലകൻ കാർലോസ് ക്വിറോസിനു കീഴിൽ ഏറെ പുതുമുഖങ്ങളും പരിചയസമ്പന്നരുമായി അന്നാബികൾ ഒരുക്കം തുടങ്ങി. 61ാം റാങ്കുകാരാണ് ഖത്തർ എങ്കിൽ, ചൈന 81ലും ലബനാൻ 99ലും തജികിസ്താൻ 109ഉം റാങ്കിലാണുള്ളത്.
ഖത്തറും ചൈനയും തമ്മിൽ ഇതുവരെ 19 തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് കളിയിൽ ചൈനക്കും ആറ് കളിയിൽ ഖത്തറിനുമായിരുന്നു ജയം. എന്നാൽ, സമീപകാല മത്സരങ്ങളിൽ ജയമേറെയും ഖത്തറിനായിരുന്നു. ഒടുവിലായി അഞ്ചു വർഷം മുമ്പ് ഏറ്റുമുട്ടിയപ്പോൾ ഖത്തറിന് ഒരു ഗോളിനായിരുന്നു ജയം.
1998 മുതൽ 2012 വരെയുള്ള കാലയളവിനിടെ ഖത്തറും തജികിസ്താനും നാലു തവണ കളിച്ചപ്പോൾ മൂന്നിലും ജയം അന്നാബിക്കായിരുന്നു. ലബനാനും ഖത്തറും തമ്മിലാണ് ഗ്രൂപ്പിൽ കൂടുതൽ മത്സര പരിചയമുള്ളത്. 13 തവണ കളിച്ചപ്പോൾ 10ലും ജയിച്ചു. മൂന്നു കളി സമനിലയിലുമായി. ലബനാന് ഒന്നുപോലും ജയിക്കാനായിട്ടില്ല.
ഗ്രൂപ് റൗണ്ട് ജേതാക്കളായി കടന്നുവരുമ്പോൾ പ്രീക്വാർട്ടറും ക്വാർട്ടറും ഉൾപ്പെടെ നോക്കൗട്ടിലെ മുന്നേറ്റം ഖത്തറിന് എളുപ്പമാകും. ഏഷ്യൻ കപ്പിന് മുന്നോടിയായി കോച്ച് ക്വിറോസിനു കീഴിൽ ജൂലൈയിൽ ഖത്തർ കോൺകകാഫ് ഗോൾഡ് കപ്പിലും മാറ്റുരക്കുന്നുണ്ട്.