ഏഷ്യൻ കപ്പ്: യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്
text_fieldsഖത്തർ എയർവേസ്- ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പങ്കാളിത്ത കരാറിൽ ഒപ്പുവെക്കൽ ചടങ്ങിൽ എ.എഫ്.സി ജനറൽ സെക്രട്ടറി ഡാറ്റക് സെറി വിൻഡ്സർ ജോൺ, ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ എന്നിവർ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനും ഏഷ്യൻ യൂത്ത് ഫുട്ബാളിനും ഖത്തർ വേദിയാകാൻ ഒരുങ്ങവെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും (എ.എഫ്.സി) കൈകോർക്കുന്നു. ഏഷ്യൻ ഫുട്ബാൾ മത്സരങ്ങളിലെ ആരാധക അനുഭവം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആറുവർഷത്തെ പങ്കാളിത്ത കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു.
ജനുവരി 12ന് ഖത്തറിൽ ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് 2023 മുതൽ 2029 വരെ പ്രാബല്യമുള്ള കരാറിലാണ് ഇരുകക്ഷികളും ഒപ്പുവെച്ചത്. എ.എഫ്.സി ഏഷ്യൻ കപ്പ് സൗദി അറേബ്യ, എ.എഫ്.സി വിമൻസ് ഏഷ്യൻ കപ്പ് 2026, എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് ഖത്തർ 2024, എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് 2024, 2026, 2028 തുടങ്ങിയവയെല്ലാം പുതിയ കരാറിൽ ഉൾപ്പെടും. കൂടാതെ ഈ കാലയളവിലെ എല്ലാ എ.എഫ്.സി യൂത്ത് നാഷനൽ ടീം മത്സരങ്ങളും ഭാഗമാകും.
ഖത്തർ എയർവേസിന്റെ സ്പോൺസർഷിപ്പിൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2023-2024 നോക്കൗട്ട് റൗണ്ടിലെ മുഴുവൻ മത്സരങ്ങളും ഉൾപ്പെടും. കൂടാതെ 2024-2025 മുതൽ ആരംഭിക്കുന്ന എ.എഫ്.സിയുടെ മൂന്നു പുതിയ മുൻനിര മത്സരങ്ങളായ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്, എ.എഫ്.സി വിമൻസ് ചാമ്പ്യൻസ് ലീഗ്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 എന്നിവയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പിനായി ഖത്തറിലെത്താൻ ആഗ്രഹിക്കുന്ന ആഗോള ഫുട്ബാൾ പ്രേമികൾക്കായി യാത്രാ പാക്കേജുകളും ഖത്തർ എയർവേസ് അവതരിപ്പിച്ചു. റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടലുകൾ, മത്സര ടിക്കറ്റുകൾ എന്നിവയുൾപ്പെടുന്നതാണ് പാക്കേജുകൾ. ആരാധകരെ എന്നത്തെക്കാളും കൂടുതൽ ആവേശത്തിലാക്കുന്നതിനും അടുപ്പിക്കുന്നതിനും ഭൂഖണ്ഡത്തിലുടനീളമുള്ള ആരാധകർക്ക് മികച്ച അനുഭവം നൽകുകയും ലക്ഷ്യംവെച്ചാണ് പുതിയ പ്രഖ്യാപനം.
പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് യാത്രാ പാക്കേജുകളിൽ ഏവിയോസ്, ക്യു-പോയന്റ്സ് എന്നിവ ശേഖരിക്കാനാകും. കാഷും ഏവിയോസും ഉപയോഗിച്ച് ബുക്ക് ചെയ്യാനും കഴിയും. http://www.qatarairways.com/asiancup എന്ന ലിങ്കിലാണ് പാക്കേജുകൾക്കായി സന്ദർശിക്കേണ്ടത്. ഞങ്ങളുടെ ശക്തമായ സ്പോർട്സ് സ്പോൺസർഷിപ് പോർട്ട്ഫോളിയോയിലേക്ക് എ.എഫ്.സിയെ സ്വാഗതം ചെയ്യുന്നതിൽ ഖത്തർ എയർവേസ് ആവേശഭരിതരാണെന്ന് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഖത്തർ എയർവേസിനെ എ.എഫ്.സിയുടെ പുതിയ പങ്കാളിയായി സ്വാഗതം ചെയ്യുന്നെന്ന് എ.എഫ്.സി ജനറൽ സെക്രട്ടറി ഡാറ്റക് സെറി വിൻഡ്സർ ജോൺ പറഞ്ഞു.

