ഏഷ്യൻ കപ്പ് ഫുട്ബാൾ ഇന്ത്യയുടെ കളി ലോകകപ്പ് വേദികളിൽ
text_fieldsഏഷ്യൻ കപ്പിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്കും ഇന്ത്യയുടെ ഒരു മത്സരത്തിനും വേദിയാവുന്ന അൽ ബെയ്ത് സ്റ്റേഡിയം. ലോകകപ്പ് നാളിലെ ദൃശ്യം
ദോഹ: സുനിൽ ഛേത്രിയും ഗുർപ്രീത് സിങ്ങും സഹൽ അബ്ദുൽ സമദും ഉൾപ്പെടെ ഇന്ത്യൻ താരങ്ങൾ വൻകരയുടെ മേളയിൽ ‘ലോകകപ്പ് വേദി’കളിൽ പന്തുതട്ടും. കഴിഞ്ഞ ദിവസം ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായതിനു പിന്നാലെ മത്സര ഫിക്സ്ചറും സംഘാടകർ പുറത്തുവിട്ടപ്പോൾ ഇന്ത്യക്ക് ലഭിച്ചത് അഹമ്മദ് ബിൻ അലി സ്റ്റേഡിയവും അൽ ബെയ്ത്തും. ഗ്രൂപ് ‘ബി’യിൽ ജനുവരി 13ന് ആസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരവും, 18ന് ഉസ്ബകിസ്താനെതിരായ മത്സരവും നടക്കുന്നത് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ്. ജനുവരി 23ന് ഇന്ത്യ-സിറിയ മത്സരത്തിന് അൽ ബെയ്ത് സ്റ്റേഡിയം വേദിയാകും.
ഖത്തർ സമയം ഉച്ച 2.30നും (ഇന്ത്യയിൽ 5.00 pm) 5.30നും (ഇന്ത്യയിൽ രാത്രി എട്ടുമണി) ആണ് ഗ്രൂപ് റൗണ്ടിലെ മത്സരങ്ങൾ. കൂടുതൽ കാണികൾക്ക് പ്രവേശനം നൽകാൻ കഴിയുന്ന സ്റ്റേഡിയങ്ങൾ എന്ന നിലയിലാണ് ഇന്ത്യയുടെ മത്സരവേദികളായി ഇവ രണ്ടും തിരഞ്ഞെടുത്തത്. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 45,857ഉം അൽ ബെയ്ത്തിൽ 68,895 പേർക്കും കളി കാണാം. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർ ഗാലറിയിലേക്ക് ഒഴുകിയെത്തുമ്പോൾ ഛേത്രിക്കും കൂട്ടുകാർക്കും ഹോം ഗ്രൗണ്ടിലെന്നപോലെയാവും മത്സരം.
എട്ടിൽ ആറു സ്റ്റേഡിയങ്ങളും ലോകകപ്പിന് വേദിയായവയാണ്. ഇവയിൽ എജുക്കേഷൻ സിറ്റി, ഖലീഫ, അൽ തുമാമ, അഹമ്മദ് ബിൻ അലി, അൽ ജനൂബ് സ്റ്റേഡിയങ്ങളിൽ 44,000ത്തിനു മുകളിലാണ് ഇരിപ്പിടശേഷി. അബ്ദുല്ല ബിൻ ഖലീഫയിൽ 10,000ഉം ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ 13,000ഉം ആണ് ശേഷി.
ഉദ്ഘാടനവും ഫൈനലും അൽ ബെയ്ത്തിൽ
2024 ജനുവരി 12ന് നടക്കുന്ന ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറും ലബനാനും തമ്മിലാണ് ഗ്രൂപ് ‘എ’യിൽ ഉദ്ഘാടന മത്സരം. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചയാണ് ഈ പോരാട്ടം എന്ന പ്രത്യേകതയുമുണ്ട്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനും അൽ ബെയ്ത് തന്നെയായിരുന്നു വേദി. ഫെബ്രുവരി 10ന് ഏഷ്യൻ കപ്പിന്റെ ഫൈനൽ അങ്കത്തിനും അൽ ബെയ്ത് തന്നെ വേദിയാവും. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് കലാശപ്പോരാട്ടം. ടൂർണമെന്റിനുള്ള വേദികളിൽ ഏറ്റവും കൂടുതൽ ഇരിപ്പിടശേഷിയുള്ള സ്റ്റേഡിയം ദോഹയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ടെന്റ് മാതൃകയിലെ വേദിയാണ്. ഗ്രൂപ് റൗണ്ടിൽ തജികിസ്താൻ-ഖത്തർ, കിർഗിസ്താൻ-സൗദി, ഇന്ത്യ-സിറിയ മത്സരങ്ങൾക്കും പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനലുകളിൽ ഓരോ മത്സരങ്ങൾക്കും അൽ ബെയ്ത് വേദിയാവും.
സൗദി അറേബ്യ-ഒമാൻ മത്സരത്തിന് ഖലീഫ സ്റ്റേഡിയം വേദിയാവും. ജനുവരി 16നാണ് അയൽക്കാർ തമ്മിലെ പോരാട്ടം. ഒമാന്റെ രണ്ടാം അങ്കത്തിന് അൽ തുമാമ സ്റ്റേഡിയമാണ് വേദി. യു.എ.ഇയുടെ ആദ്യ കളി ഖലീഫ സ്റ്റേഡിയത്തിലും രണ്ടാം അങ്കം അൽ ജനൂബിലും മൂന്നാം അങ്കം എജുക്കേഷൻ സിറ്റിയിലും നടക്കും.
ഗ്രൂപ് റൗണ്ടിൽ കളി ജോറാകും
ലോകകപ്പ് ഫുട്ബാൾ മാതൃകയിൽതന്നെയാണ് ഏഷ്യൻ കപ്പിന്റെയും മത്സരഘടന. ഉദ്ഘാടനദിനത്തിൽ ഒരു മത്സരം. രണ്ടാം ദിനം ‘ഗ്രൂപ് എ’യിലെ ഒന്നും ഗ്രൂപ് ‘ബി’യിലെ രണ്ടു മത്സരങ്ങളും നടക്കും. പിന്നീട് ഒരു ദിവസം മൂന്നും രണ്ടു കളികളായി പുരോഗമിക്കും. ഉച്ച 2.30, വൈകീട്ട് 5.30, രാത്രി 8.30 എന്നിങ്ങനെയാണ് ഗ്രൂപ് റൗണ്ടിലെ മത്സരങ്ങളുടെ സമയ ക്രമം. ജനുവരി 12 മുതൽ 25 വരെയാണ് ഗ്രൂപ് മത്സരങ്ങൾ. ജനുവരി 28 മുതൽ 31 വരെ പ്രീക്വാർട്ടറും ഫെബ്രുവരി രണ്ട്, മൂന്നു തീയതികളിൽ ക്വാർട്ടർ ഫൈനലും ആറ്, ഏഴ് തീയതികളിൽ സെമിഫൈനലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

