ഏഷ്യൻ കപ്പ് ഫുട്ബാൾ: താരസമ്പന്നമായി നറുക്കെടുപ്പ്
text_fieldsമുൻ ഇന്ത്യൻ താരവും വനിതാ ടീം കോച്ചുമായ മെയ്മോൾ റോക്കി നറുക്കെടുപ്പ് വേദിയിൽ അവതാരകൻ ജോൺ ഡിക്സിനൊപ്പം
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ആയിരുന്നു കതാറ ഒപേറ ഹൗസിൽ നടന്ന നറുക്കെടുപ്പ് ചടങ്ങിലെ പ്രധാന താരം. പിന്നെ, എ.എഫ്.സി ഭാരവാഹികൾ, വിവിധ രാജ്യങ്ങളുടെ പരിശീലകർ, കളിക്കാർ, മുൻതാരങ്ങൾ, ഫെഡറേഷൻ ഭാരവാഹികൾ എന്നിവരും ചടങ്ങിന് സാക്ഷിയായി. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും ചടങ്ങിനെത്തി.
യോഗ്യത നേടിയ 24 ടീമുകളെയും റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാലു പോട്ടുകളിലായി വേർതിരിച്ചായിരുന്നു നറുക്കെടുത്തത്. ഗ്രൂപ്പിലെ സ്ഥാനവും പിന്നാലെ ടീം നറുക്കും കഴിയുന്നതോടെ ടീമിന്റെ സ്ഥാനം തീർപ്പാകും.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ, കോച്ച് ഇഗോർ സ്റ്റിമാക് എന്നിവർ ഏഷ്യൻ കപ്പ് നറുക്കെടുപ്പ് വേദിയിൽ
ഖത്തറിന്റെ നായകൻ ഹസൻ ഹൈദോസ് എത്തിച്ച ട്രോഫി എ.എഫ്.സി ജനറൽ സെക്രട്ടറി ഡാറ്റക് സെറി വിൻഡ്സർ ജോൺ ഏറ്റുവാങ്ങി വേദിയിൽ പ്രദർശിപ്പിച്ചു. അദ്ദേഹം തന്നെയായിരുന്നു നറുക്കെടുപ്പിന് നേതൃത്വം നൽകിയത്.
മുൻ ഉസ്ബെക് സൂപ്പർതാരം സെർവർ ജെപറോവ്, ലോകകപ്പ് മത്സരം നിയന്ത്രിച്ച ജപ്പാന്റെ വനിത റഫറി യോഷിമി യമാഷിത, ദ. കൊറിയയുടെ മുൻ മാഞ്ചസ്റ്റർ താരം പാർക് ജി സുങ്, ആസ്ട്രേലിയയുടെ ടിം കാഹിൽ ഉൾപ്പെടെ സൂപ്പർ താരങ്ങൾക്കൊപ്പം ഇന്ത്യൻ വനിത ഫുട്ബാൾ കോച്ചും മലയാളിയുമായ മെയ്മോൾ റോക്കിയും നറുക്കെടുപ്പ് ചടങ്ങിന് നേതൃത്വം നൽകി.