പോരാട്ടചിത്രം തെളിഞ്ഞു ഇനി കിക്കോഫ്
text_fieldsഖത്തർ ദേശീയ ടീം ക്യാപ്റ്റൻ ഹസൻ ഹൈദോസ് ഏഷ്യൻ കപ്പ് ജേതാക്കൾക്കുള്ള ട്രോഫി എ.എഫ്.സി ജനറൽ സെക്രട്ടറിക്കു കൈമാറുന്നു
ദോഹ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ സൂപ്പർ താരങ്ങൾ മനോഹര കളി സമ്മാനിച്ച് മടങ്ങിയ ദോഹയുടെ മണ്ണിൽ ഇനി വൻകരയുടെ ഫുട്ബാൾ ഉത്സവത്തിനുള്ള കാത്തിരിപ്പ്. സുനിൽ ഛേത്രിയും മലയാളി താരം സഹൽ അബ്ദുസ്സമദും ഉൾപ്പെടെ ഇന്ത്യ ഏഷ്യൻ കപ്പിന്റെ മൈതാനത്ത് ഉജ്ജ്വല പോരാട്ടത്തിനിറങ്ങുമ്പോൾ കളി അങ്ങ് കൊച്ചിയിലോ കൊൽക്കത്തയിലോ പോലെയായി മാറും.
ലോകകപ്പിൽ ഗംഭീര പോരാട്ടം കാഴ്ചവെച്ച് ആരാധകരുടെ ഇഷ്ട ടീമുകളായി മാറിയ ഒരുപിടി ഏഷ്യൻ സംഘങ്ങളുടെ ഉജ്ജ്വല പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പ് കൂടിയാണ് ഏഷ്യൻ കപ്പ്.
അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ, ക്രിസ്റ്റ്യാനോയുടെ പോർചുഗലിനെ അട്ടിമറിക്കുകയും ഉറുഗ്വായിയെ തളക്കുകയും ചെയ്ത് പ്രീക്വാർട്ടർ വരെയെത്തിയ ദക്ഷിണ കൊറിയ, സ്പെയിൻ, ജർമനി ടീമുകളെ തരിപ്പണമാക്കി പ്രീക്വാർട്ടറിൽ ക്രൊയേഷ്യയോട് പൊരുതി വീണ ജപ്പാൻ, വെയിൽസിനെ വീഴ്ത്തി അമേരിക്കയെ വിറപ്പിച്ച ഇറാൻ തുടങ്ങിയ ടീമുകൾ മാറ്റുരക്കുന്ന ഏഷ്യൻ കപ്പ് എന്തുകൊണ്ടും ലോകോത്തരമായി മാറുമെന്നുറപ്പാണ്.