ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ്; പാകിസ്താന് അനായാസ ജയം
text_fieldsപാകിസ്താനെതിരെ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്
ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തോൽവി. ഇരുരാജ്യങ്ങളുടെയും എ ടീമുകൾ മാറ്റുരച്ച വാശിയേറിയ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 136 റൺസെടുത്ത് എല്ലാവരും പുറത്തായപ്പോൾ ആറ് ഓവർ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ വിജയം കൈവരിച്ചു.
വിക്കറ്റ് നേടിയ പാകിസ്താൻ ബൗളർ ശാഹിദ്
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത പാകിസ്താന് കണക്കുകൂട്ടലുകൾ പിഴച്ചില്ല. 100 റൺസ് കടക്കും മുമ്പേ ഇന്ത്യയുടെ നിർണായകമായ മൂന്ന് വിക്കറ്റുകൾ അവർക്ക് വീഴ്ത്താനായി. ബാറ്റിങ് തുടങ്ങി ആദ്യ ബൗളിൽ തന്നെ ബൗണ്ടറി പായിച്ച് സൂര്യവംശി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. സൂര്യവംശി, നമൻ കൂട്ടുകെട്ടിൽ ഇന്ത്യ 180 റൺസിന് മുകളിൽ കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പാക് ബൗളർമാർ തുടരെ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ചു.
പിയാൻഷ് ആര്യ (10), നമൻ ദീർ (35), ജിതേഷ് ശർമ (5) സൂര്യവംശി എന്നിവർ പുറത്തായതോടെ 14 ഓവറിൽ 101/4 എന്ന നിലയിലായി ഇന്ത്യ. 28 പന്തിൽ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും അടക്കം 45 റൺസ് എടുത്താണ് സൂര്യവംശി പുറത്തായത്. ഇതിനുശേഷം ഇന്ത്യക്ക് 35 റൺസ് മാത്രമേ നേടാനായുള്ളു. ഇന്ത്യയുടെ മധ്യനിര ബാറ്റിങ് തകർന്നതോടെ പിന്നീട് സ്കോർ ഉയർത്താനായില്ല. 19 ഓവറിൽ 136 റൺസിന് എല്ലാവരും പുറത്തായി. കൂറ്റൻ സ്കോർ നേടുന്നതിൽ നിന്ന് ഇന്ത്യയെ തടയാൻ പാക് ബൗളർമാർക്ക് സാധിച്ചു.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച പാകിസ്താന് 13.2 ഓവറിൽ ലക്ഷ്യത്തിലെത്താനായി. 47 പന്തിൽ 79 റൺസ് നേടി പുറത്താകാതെ നിന്ന മാസ് സദാഖത്തിന്റെ ഒറ്റയാൻ ബാറ്റിങ്ങാണ് പാകിസ്താന്റെ ജയം അനായാസമാക്കിയത്. ജയത്തോടെ പോയന്റ് പട്ടികയിൽ പാകിസ്താൻ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് സെമി യോഗ്യതക്ക് അരികിലെത്തി. നവംബർ 18ന് യു.എ.ഇക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.
ഗ്രൂപ് ബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ഒമാൻ യു.എ.ഇയെ കീഴടക്കി. ആറ് വിക്കറ്റിന് 155 റൺസ് നേടിയ യു.എ.ഇക്കെതിരെ ഇന്നിങ്സിന്റെ അവസാന പന്തിൽ ഒമാൻ ജയിച്ചുകയറി. നവംബർ 18ന് ഇന്ത്യക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. പാകിസ്താനോട് തോൽവി വഴങ്ങിയ ഇന്ത്യക്ക് ഒമാനെതിരായ ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരം നിർണായകമാകും. തുടർന്ന് നവംബർ 21ന് സെമി ഫൈനലും 23ന് ഫൈനലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

