റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിന് ദോഹ വേദിയാകും; ഇന്ത്യ എ -പാകിസ്താൻ എ പോരാട്ടം നവംബർ 22ന്
text_fieldsദോഹ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) സംഘടിപ്പിക്കുന്ന മെന്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിന് നവംബർ 19 മുതൽ 29 വരെ ദോഹ വേദിയാകും. ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾ വെസ്റ്റ് എന്‍ഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കും. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ടീമുകൾ മത്സരിക്കുക. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഏഷ്യയിലെ പ്രമുഖരായ എട്ട് ടീമുകളാണ് ടൂർണമെന്റിൽ കിരീടത്തിനായി പോരാടുന്നത്. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ എ -പാകിസ്താൻ എ പോരാട്ടം നവംബർ 22ന് നടക്കും. നവംബര്‍ 20-ന് വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 24ന് ദോഹ യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഗ്രൗണ്ടില്‍ ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരത്തില്‍ യു.എ.ഇയെയും ഇന്ത്യ നേരിടും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മെന്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തിലക് വര്‍മയാണ് നായകൻ. രജത് പടിദാറാണ് ഉപനായകന്‍. ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്ഥാൻ എ, ഹോങ്കോങ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ മത്സരിക്കുക. കഴിഞ്ഞ ആഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ മലേഷ്യയിൽ നടന്ന 'ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ്' ടൂർണമെന്റിലാണ് നേപ്പാളും യു.എ.ഇയും യോഗ്യത നേടിയത്. സെമി ഫൈനൽ നവംബർ 26, 27 തീയതികളിലും, കലാശപ്പോരാട്ടം നവംബർ 29-ന് വെസ്റ്റ് ആൻഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

