അബൂദബി: കാണികൾ തിങ്ങിനിറഞ്ഞ സായിദ് സ്പോർട്ട്സ് സിറ്റി മൈതാനിയിൽ ചരിത്രം രചിച്ച് ഖത്തർ. എ.എഫ്.സി ഏഷ്യൻ കപ്പ് ഫൈനലിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഖത്തറിന് കന്നി ഏഷ്യൻ കിരീടം. ഫൈനലിലെത്തിയിട്ട് കപ്പുയർത്താതെ മൈതാനം വിടാത്ത ജപ്പാെൻറ ചരിത്രമാണ് ഖത്തർ ഇന്ന് തിരുത്തിക്കുറിച്ചത്.
കളിയുടെ 12ാം മിനിറ്റിൽ ഗോളടി യന്ത്രം അൽമോസ് അലിയുടെ സൂപ്പർ ബൈസിക്കിൾ കിക്ക് ഗോളിലൂടെ തുടങ്ങിയ ഗോൾവേട്ട അബ്ദുൽ അസീസ് ഹാതിമും (27ാം മിനിറ്റ്) അക്രം അഫീഫും (83ാം മിനിറ്റിലെ പെനാൽറ്റി) പൂർത്തിയാക്കി. വമ്പന്മാരെയെല്ലാം അട്ടിമറിച്ച് കുതിച്ച ഖത്തറിനു മുന്നിൽ നാലുതവണ ഏഷ്യൻ ചാമ്പ്യന്മാരും റഷ്യൻ ലോകകപ്പിലെ പ്രീക്വാർട്ടർ ഫൈനലിസ്റ്റുകളുമായ ജപ്പാനും പിടിവിട്ടു.
ഇരു വിങ്ങുകളും മൂർച്ചയേറിയ ആക്രമണവുമായി ചടുലമാക്കിയ ഖത്തറിെൻറ ആദ്യ ഗോളിൽ തന്നെ സാമുറായ്കൾ പതറി. അക്രം അഫീഫ് ബോക്സിന് മധ്യത്തിലേക്ക് ഉയർത്തിനൽകിയ ക്രോസിനെ ഇടം-വലം കാലുകൾകൊണ്ട് നിയന്ത്രിച്ച അൽമോസ് ബൈസിക്കിൾ കിക്കിലൂടെ പുറംതിരിഞ്ഞടിച്ചു. സാമുറായ് നെഞ്ചകം പിളർന്ന ഗോൾ. പിന്നാലെ, 28ാം മിനിറ്റിൽ ഹാതിമിെൻറ ഗോളിനും അഫീഫാണ് വഴിയൊരുക്കിയത്. 69ാം മിനിറ്റിൽ തകുമി മിനാമിനോ ജപ്പാൻ തിരിച്ചുവരവിന് അടിത്തറയിെട്ടങ്കിലും 83ാം മിനിറ്റിലെ ഹാൻഡ്ബാളും പെനാൽറ്റിയും മോഹങ്ങളെ അണച്ചു.
ആറു കളികളിൽ സ്വന്തം വലയനക്കാതെ 16 ഗോൾ സമ്പാദ്യവുമായി എത്തിയ ഖത്തറായിരുന്നു ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയത്. മൂന്നു ഗോൾ വഴങ്ങി 11 ഗോൾനേട്ടത്തിലായിരുന്നു ജപ്പാൻ കലാശപ്പോരിനെത്തിയത്.
ARE YOU KIDDING ME!?! #AsianCup2019 #AsianCup #Qatar #Japan #AsianCupFinal pic.twitter.com/avCYrOJSOv
— Jason W (@HomeSweetSoccer) February 1, 2019