8100 കോടി റിയാലിന്റെ പഞ്ചവത്സര പദ്ധതിയുമായി അഷ്ഗാൽ
text_fieldsഅഷ്ഗാൽ പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപനം പ്രസിഡന്റ് എൻജി. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീറിന്റെ
നേതൃത്വത്തിൽ വിശദീകരിക്കുന്നു.
ദോഹ: ഖത്തറിലെ നിർമാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായി അഷ്ഗാൽ. സർക്കാർ കെട്ടിടങ്ങളുടെ നിർമാണം, പൗരന്മാരുടെ ഭൂമി വികസനം, മഴവെള്ള-മലിന ജല ശൃംഖലകൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങളുമായി 8100 കോടി റിയാലിന്റെ അഞ്ചുവർഷത്തെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
നഗര വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളിലധികവും പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) യാണ് നടപ്പാക്കുന്നതെന്ന് അഷ്ഗാൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അവശ്യ മേഖലകൾക്കായി സർക്കാർ കെട്ടിടങ്ങളുടെ നിർമാണവും നഗരവികസനത്തെ പിന്തുണക്കുന്നതിനുള്ള മഴവെള്ള ഡ്രെയിനേജ് പദ്ധതികളും ഇതിലുൾപ്പെടുമെന്നും അൽ മീർ ചൂണ്ടിക്കാട്ടി.
ഭാവിതലമുറകളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അവരെ സേവിക്കുന്നതിനായി സുസ്ഥിര വികസനത്തിലും ഡിജിറ്റലൈസേഷനിലും അതോറിറ്റി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദോഹയുടെ വടക്ക്, തെക്കു ഭാഗങ്ങളിൽ സ്‌റ്റോംവാട്ടർ ഡ്രെയിനേജിനുള്ള ദീർഘകാല സുസ്ഥിര പരിഹാരമായ സ്ട്രാറ്റജിക് ഔട്ട്ഫാൾസ് പ്രോജക്ടിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് അഷ്ഗാൽ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ടെൻഡർ നടപടികൾ നടപ്പാക്കുക. പ്രധാന തുരങ്ക നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം രണ്ടാം പകുതിയോടെ പ്രഖ്യാപിക്കും. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തുരങ്ക നിർമാണ പ്രവർത്തനങ്ങളും അഷ്ഗാൽ പ്രഖ്യാപിക്കും.
റോഡുകൾ, തെരുവ് വിളക്കുകൾ, പാർക്കിങ്, ലാൻഡ്സ്കേപ്പിങ് എന്നിവയുൾപ്പെടെ 5500ലധികം ഭവന പ്ലോട്ടുകൾക്കായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അഷ്ഗാൽ ലക്ഷ്യമിടുന്നത്. കൂടാതെ വക്‌റ, വുകൈർ മലിനജല സംസ്‌കരണ പ്ലാന്റിന്റെ രണ്ടാം ഘട്ടവും പരിഗണനയിലുണ്ട്. വിവിധ വെല്ലുവിളികളും പ്രതിസന്ധികളും കാരണം കാലതാമസം നേരിടുന്ന കരാറുകാരെ പിന്തുണക്കുന്നതിനുള്ള ചുവടുവെപ്പായി, ബദൽ പദ്ധതികളും അസാധാരണ നടപടികളും സ്വീകരിക്കാനും അഷ്ഗാൽ ആസൂത്രണം ചെയ്യുന്നുണ്ട്. 2025 മുതൽ 2029 വരെ ദൈർഘ്യമുള്ള നിർമാണ, വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്ന തുകയിലും, എണ്ണത്തിലും അഷ്ഗാലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായി വിലയിരുത്തുന്നു.
സാമ്പത്തിക പിന്തുണക്കായി 2100 കോടി റിയാൽ (sub head)മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനും, കരാറുകാരെ പിന്തുണക്കാനുമായി ബദൽ പദ്ധതികളും പഞ്ചവത്സര പ്രോജക്ടിന്റെ ഭാഗമായി അഷ്ഗാൽ മുന്നോട്ടുവെച്ചു. കോവിഡ് മഹാമാരി ഉൾപ്പെടെ പ്രതിസന്ധികൾ തളർത്തിയ നിർമാണ മേഖലയുടെ സഹായത്തിനായി 2100 കോടിയുടെ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതായും അഷ്ഗാൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ അറിയിച്ചു. കരാർ തുകകൾ നൽകിയും, തീർപ്പാകാത്ത പദ്ധതികളുടെ കരാർ നീട്ടിയും ത്വരിത നടപടികൾ സജീവമാക്കുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

